കൊച്ചി: ഭരണഘടന വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോർട്ടും ഹൈക്കോടതി തള്ളി. കേസിൽ പുനരന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വലിയ പാളിച്ചകളാണ് സംഭവിച്ചിട്ടുള്ളത്. കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ വേണ്ടുന്ന തെളിവുകൾ ശേഖരിക്കുകയോ ചെയ്തില്ല. വേദിയിൽ ഉണ്ടായിരുന്നവരുടെ മൊഴികൾ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോടതി ചൂണ്ടികാട്ടി.
ഡിജിപിയുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.കേസിൽ ക്ലീൻചിറ്റ് നൽകിയ പൊലീസ് റിപ്പോർട്ട് പരിഗണിച്ച് സജി ചെറിയാനെ മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തും സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടും അഡ്വ. എം. ബൈജു നോയലാണ് ഹൈക്കോടതിയെ സമീപിച്ചത്.
നാഷണൽ ഓണർ ആക്ടിന്റെ 2003ലെ ഭേദഗതി പ്രകാരം, പ്രസംഗത്തിലെ ചില വാചകങ്ങൾ ഭരണഘടനയോടുള്ള അനാദരമായി കരുതാമെന്ന് കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.''ഇന്ത്യയിൽ ഏറ്റവുമധികം ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ജനാധിപത്യം, മതേതരത്വം, കുന്തവും കുടച്ചക്രവുമൊക്കെ അതിന്റെ മൂലയിലുണ്ട്'' എന്നീ പ്രയോഗങ്ങളാണ് സജി ചെറിയാൻ നടത്തിയത്. മന്ത്രിയുടെ ശബ്ദപരിശോധന നടത്താതെയും ചില സാക്ഷിമൊഴികൾ തള്ളിയുമാണ് പൊലീസ് നിഗമനമെന്ന് ഹർജിക്കാരൻ ആരോപണം കോടതി ശരിവച്ചു. ഹർജി നിലനിൽക്കുന്നതല്ലെന്നും ആരോപണങ്ങൾ ശരിയല്ലെന്നായിരുന്നു സർക്കാർ വാദം.2022 ജൂലായ് മൂന്നിന് സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ പരിപാടിയിൽ സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് കേസായത്. തുടർന്ന് അദ്ദേഹം രാജിവച്ചെങ്കിലും വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതോടെ മന്ത്രി സ്ഥാനത്ത് തിരിച്ചെത്തി.