തിരുവനന്തപുരം: കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ പിഴ അടച്ച് ഗായകന്‍ എം.ജി ശ്രീകുമാര്‍. ആറ് മാസം മുന്‍പ് നടന്ന സംഭവത്തിലാണ് നടപടി. എറണാകുളം മുളവുകാട് പഞ്ചായത്ത് അധികൃതര്‍ 25000 രൂപ പിഴ നോട്ടീസ് അയച്ചതിന് പിന്നാലെ ഗായകന്‍ പിഴയൊടുക്കുകയായിരുന്നു.
എം.ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ വിനോദ സഞ്ചാരി, മന്ത്രി എം.ബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. മന്ത്രി എം ബി രാജേഷിന്റെ മാലിന്യനിർമാർജനത്തെ പറ്റിയുള്ള അഭിമുഖം കണ്ടതിന് ശേഷമാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തത്. എം.ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണെങ്കിലും ആരാണ് ചെയ്തതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. വീട്ടുജോലിക്കാരിയാണ് മാലിന്യം വലിച്ചെറിഞ്ഞതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
വീഡിയോ ശ്രദ്ധയില്‍പ്പെട്ട മന്ത്രി പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനുള്ള 94467 00800 എന്ന സര്‍ക്കാരിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് തെളിവുസഹിതം പരാതി നല്‍കാന്‍ ആവശ്യപ്പെടുകയും നടപടി ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ തദ്ദേശ വകുപ്പിലെ കണ്‍ട്രോള്‍ റൂമിന്റെ നിര്‍ദേശം മുളവുകാട് പഞ്ചായത്ത് അധികൃതര്‍ക്ക് ലഭിച്ചു. ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതര്‍ ഗായകന് പിഴ ഈടാക്കുകയായിരുന്നു.
നടപടി എടുത്ത വിവരം പരാതിക്കാരനെ മന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്. ഗായകന്‍ പിഴ അടച്ചുകഴിയുമ്പോള്‍ തെളിവ് സഹിതം പരാതി നല്‍കിയ ആള്‍ക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി നസീം എന്‍.പിയാണ് പരാതിക്കാരന്‍.
'6-7 മാസം മുന്‍പ് പകര്‍ത്തിയ ദൃശ്യമാണ് ഇത്. ബോട്ടിന്റെ ഡ്രൈവറാണ് എംജി ശ്രീകുമാറിന്റെ വീടാണെന്ന് അറിയിച്ചത്. പിന്നീടാണ് മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഗാലറിയില്‍ ഈ വീഡിയോ ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് ചെയ്തിരുന്നില്ല. സാധാരണക്കാരും അവരും ഒരുപോലെ ആണല്ലോ എന്ന ചിന്ത ഉണ്ടായിരുന്നു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് അറിയിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള എം.ബി രാജേഷ് സാറിന്റെ വീഡിയോ കണ്ടപ്പോഴാണ് അദ്ദേഹത്തെ ടാഗ് ചെയ്ത് കൊണ്ട് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. എപ്പോള്‍ കിട്ടും എന്റെ 25000 എന്ന തരത്തിലായിരുന്നു ക്യാപ്ഷന്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പിന്തുണ ലഭിച്ചു. വാട്‌സാപ്പില്‍ പരാതി അയച്ചെങ്കിലും അതില്‍ ഫോട്ടോ നല്‍കാന്‍ മാത്രമേ സാധിക്കു. വീഡിയോ ആണ് വൈറല്‍ ആയത്.' നസീം പറഞ്ഞു.