BREAKING NEWS
dateWED 8 JAN, 2025, 9:34 AM IST
dateWED 8 JAN, 2025, 9:34 AM IST
back
Homesections
sections
SREELAKSHMI
Mon Jan 06, 2025 03:08 PM IST
എച്ച്.എം.പി.വി ;ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
NewsImage

ചൈനയിൽ പടരുന്ന എച്ച്.എം.പി.വി. അഥവാ ഹ്യൂമൻമെറ്റാന്യൂമോവൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചിരിക്കുകയാണ്. ബെം​ഗളൂരുവിലുള്ള മൂന്നും എട്ടുംമാസം പ്രായമുള്ള രണ്ടുകുട്ടികളിലാണ് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗസ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം തയ്യാറെടുപ്പുകൾക്കായി ഇന്ന്(തിങ്കൾ) യോ​ഗം വിളിച്ചുചേർത്തിട്ടുണ്ട്.

ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളോടെയുള്ള എച്ച്.എം.പി.വി. എന്ന ശ്വാസകോശ രോ​ഗം ചിലവിഭാ​ഗങ്ങളിൽ സങ്കീർണമായേക്കാം. പ്രത്യേകിച്ച് കുട്ടികൾ, മുതിർന്നവർ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർ കരുതലെടുക്കേണ്ടത് പ്രധാനമാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നു. ​ഗുരുതരമായ രോഗങ്ങൾ ഉള്ളവർ, പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകൾ തുടങ്ങിയവരും കൂടുതൽ ജാഗ്രത പുലർത്തണം. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവർ മാസ്കുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ചിലഘട്ടങ്ങളിൽ ഈ വൈറസ് ന്യുമോണിയയ്ക്ക് കാരണമാവുകയോ ​ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളിലേക്ക് നയിക്കുകയോ ചെയ്യാം. മഞ്ഞുകാലങ്ങളിലും തണുപ്പ് കൂടിയ സമയങ്ങളിലുമാണ് പൊതുവേ ഈ രോ​ഗം വ്യാപകമായി കാണപ്പെടുന്നത്.

എന്താണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്?

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (Human metapneumovirsu). 2001-ല്‍ ആദ്യമായി തിരിച്ചറിഞ്ഞ ഇത് ന്യൂമോവിരിഡേ (Pneumoviridae) ഗണത്തില്‍പ്പെട്ട വൈറസാണ്. ശ്വാസകോശ അണുബാധകള്‍ക്ക് കാരണമാകുന്ന ഇത് ജലദോഷം അല്ലെങ്കില്‍ പനി പോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുമെങ്കിലും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം. പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരേയും ഇത് കൂടുതലായി ബാധിക്കാം.

സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്. കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചാല്‍ ശ്വാസം മുട്ടലും ശ്വാസതടസവും പോലുള്ള ബുദ്ധിമുട്ടുകളും കാണിക്കാം. ചില സന്ദര്‍ഭങ്ങളില്‍, അണുബാധ ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.

പടരുന്നതെങ്ങനെ, ചികിത്സ എന്ത്?

രോഗം ബാധിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ രോഗം പടരുന്നു. രോഗം ബാധിച്ചവര്‍ ചുമയ്ക്കുകയോ തുമ്മുകയോ വഴി രോഗം പടരാം. സ്പര്‍ശനം പോലുള്ള അടുത്ത ശാരീരിക ബന്ധവും രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകും. വൈറസിന്റെ സാന്നിധ്യമുള്ള പ്രതലത്തില്‍ സ്പര്‍ശിച്ച ശേഷം വായിലോ മൂക്കിലോ കണ്ണിലോ സ്പര്‍ശിക്കുന്നതും രോഗബാധയുണ്ടാക്കാം. എച്ച്എംപിവിയുടെ ഇന്‍കുബേഷന്‍ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്.

കുറഞ്ഞത് 20 സെക്കന്‍ഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക, കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക എന്നിവയാണ് ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങള്‍. നിലവില്‍ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലെന്നും വിദഗ്ധര്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ കുറയ്ക്കുക മാത്രമാണ് ചെയ്യാന്‍ സാധിക്കുക. ഇതിന് വിശ്രമം അത്യാവശ്യമാണ്. ഒപ്പം പനിയും ശ്വാസംമുട്ടലും വേദനയും കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കാം. ഗുരുതര കേസുകളില്‍ ആശുപത്രി പ്രവേശനം ആവശ്യമായി വന്നേക്കാം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE