പാലേരി പാറക്കടവില്‍ അധ്യാപകന്റെ വീടിന് നേരെ അക്രമം

പാലേരി പാറക്കടവില്‍ അധ്യാപകന്റെ വീടിന് നേരെ അക്രമം

കുറ്റിയാടി: ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി പാറക്കടവില്‍ അധ്യാപകന്റെ വീടിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമണം. പാറക്കടവ് അരിയന്താരി ക്ഷേത്രത്തിന് സമീപം ചെറുവലത്ത് പ്രതീഷിന്റെ വീടിന് നേരെയാണ് അക്രമണമുണ്ടായത്. വീടിന്റെ മുന്‍ വശത്തെ ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ജനല്‍ ചില്ലുകള്‍ പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. ചില്ലുകള്‍ പൊട്ടുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമികള്‍ സ്ഥലം വിടുകയായിരുന്നു.

കുറ്റിയാടി അടുക്കത്ത് യു.പി സ്‌കൂളിലെ അധ്യാപകനാണ് പ്രതീഷ് . ഭാര്യ ബിനിത കോട്ടക്കല്‍ മിംസിലെ സീനിയര്‍ നഴ്‌സാണ്. അക്രമം നടക്കുമ്പോള്‍  ഈ സമയം പ്രതീഷും രണ്ട് മക്കളും പ്രായമായ അമ്മയും വീട്ടിലുണ്ടായിരുന്നു. പ്രതീഷും അഞ്ചു വയസ്സുള്ള ഇളയമകളും കിടന്നുറങ്ങുന്നതിന് സമീപമാണ് ജനല്‍ചില്ലുകളും കല്ലുകളും പതിച്ചത്. ഇരുവരും തലനാരിഴക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

പേരാമ്പ്ര സി.ഐ സാജു അഗസ്റ്റിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും വീട്ടുകാരുടെ  മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Kozhikode