വേതനം നിലച്ചു; സങ്കടഹർജിയുമായി ഒരുകൂട്ടം അധ്യാപകർ

വേതനം നിലച്ചു; സങ്കടഹർജിയുമായി ഒരുകൂട്ടം അധ്യാപകർ

വടകര : ദിവസ വേതനം നിലച്ചതോടെ ബുദ്ധിമുട്ടിലായ തങ്ങളെ സഹായിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾക്ക് ഒരുകൂട്ടം അധ്യാപകരുടെ സങ്കട ഹർജി.  മതിയായ എണ്ണം കുട്ടികളില്ലെന്ന കാരണത്താൽ എയ്ഡഡ് സ്‌കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരാണ് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും ഉൾപ്പെടെ ഓൺലൈനിൽ നിവേദനം നൽകിയത്. സ്‌കൂളിലെത്തി ഒപ്പിടുന്ന ദിവസങ്ങളുടെ എണ്ണം കണക്കാക്കിയാണ് ഈവിഭാഗം അധ്യാപകർക്ക് വേതനം നൽകുന്നത്. എന്നാൽ, ഇത്തവണ സ്‌കൂൾ തുറന്നില്ലെന്ന കാരണത്താൽ ഇവർക്ക് വേതനം ലഭിക്കുന്നില്ല. 

ജൂൺ ഒന്നിന് ഓൺലൈൻ പഠനം തുടങ്ങിയതുമുതൽ ഇതുമായി ബന്ധപ്പെട്ട് മറ്റധ്യാപകരെപ്പോലെ ഇവരും ജോലി ചെയ്യുന്നു. ഓരോ ക്ലാസിന്റേയും ചുമതല ഏറ്റെടുത്ത് വാട്‌സാപ്പ് ഗ്രൂപ്പുകൾവഴി തുടർപ്രവർത്തനങ്ങൾ നൽകൽ, വിദ്യാർഥികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തൽ, സംശയനിവാരണം നടത്തൽ തുടങ്ങിയവയ്ക്ക് ഇവരും മണിക്കൂറുകൾ ചെലവഴിക്കുന്നുണ്ട്. സ്‌കൂളിലെ യോഗങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കുന്നു. എന്നാൽ, രണ്ടുമാസം പിന്നിടുമ്പോഴും ഇവരുടെ വേതനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. 

സ്‌കൂൾ തുറക്കാൻ വൈകുന്ന സാഹചര്യത്തിൽ വേതനമില്ലാതെ മാസങ്ങളോളം മുന്നോട്ടുപോകാൻ കഴിയില്ലെന്ന് അധ്യാപകർ പറയുന്നു. പലരുടേയും വായ്പാ തിരിച്ചടവ് ഉൾപ്പെടെ മുടങ്ങുന്ന സ്ഥിതിയാണ്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഈ വിഭാഗത്തിലുള്ള അധ്യാപകർ കൂടുതലുള്ളത്. സംസ്ഥാനത്താകെ 800-ഓളം പേരുണ്ട്. 2011-നുശേഷം നിയമനം ലഭിച്ചവർക്കാണ് മതിയായ എണ്ണം കുട്ടികളില്ലെന്ന കാരണത്താൽ അംഗീകാരം കിട്ടാതെയുള്ളത്

KOZHIKODE