വടകരയില്‍ ജനം ദുരിതക്കയത്തിലെന്ന് ലീഗ്

വടകരയില്‍ ജനം ദുരിതക്കയത്തിലെന്ന് ലീഗ്

ടകര: നഗരസഭ കെണ്ടയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ട് മൂന്നാഴ്ച പിന്നിടുമ്പോള്‍ ജനജീവിതം സ്തംഭനാവസ്ഥയിലാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കുക എന്ന ലക്ഷ്യം വെച്ച് സാമൂഹ്യ വ്യാപനം എന്ന ഭീകരാവസ്ഥ  തടയാനാണ് മുനിസിപ്പല്‍ പ്രദേശത്ത് ഇത്തരത്തില്‍ നിയന്ത്രണം കൊണ്ടുവന്നത്. എന്നാല്‍ നഗരപ്രദേശം പൂര്‍ണ്ണമായും അടച്ചിടത്തക്കവിധം ഭയാനകരമല്ല സ്ഥിതിഗതികള്‍. ഏതാനും ചിലവാര്‍ഡുകളില്‍ മാത്രമാണ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിന്റെ പേരില്‍ നഗരസഭ മൊത്തം കണ്ടയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ച് അക്ഷരാര്‍ത്ഥത്തില്‍ ജീവിതം നരക തുല്യമാക്കുകയാണ് അധികൃതര്‍ ചെയ്തിരിക്കുന്നത്.  കാര്യങ്ങള്‍ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തി പരിഹാരമാര്‍ഗ്ഗം കാണുന്നതിന് പകരം കൊറോണയുടെ മറവില്‍ എന്തുമാകാമെന്ന ധാര്‍ഷ്ട്യമാണ് അധികാരികള്‍ക്ക്. തൊഴില്‍, വ്യാപാര മേഖലകള്‍ സ്തംഭിച്ചിട്ട് ആഴ്ചകളായിട്ടും ഇതേ പറ്റി ആലോചിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. കടലോര പ്രദേശങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുന്നതും അധികാരികള്‍ കാണുന്നില്ല. . ഈ സാഹചര്യത്തില്‍ അത്യാവശ്യ സ്ഥലങ്ങളൊഴികെ ബാക്കിയുള്ള പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും  ഒഴിവാക്കണമെന്നും കമ്മറ്റി അഭ്യര്‍ത്ഥിച്ചു.