അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി

അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി
കോഴിക്കോട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പെരിങ്ങത്തൂർ പാലം ഭാഗികമായി തുറന്നപ്പോൾ വാഹനങ്ങൾ പൊലീസ് പരിശോധന നടത്തി കടത്തി വിടുന്നു.

നാദാപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന വിവിധ പാലങ്ങൾ അടച്ചെങ്കിലും ഭാഗികമായി ഗതാഗതം അനുവദിച്ചിരുന്ന പെരിങ്ങത്തൂർ പാലത്തിൽ പൊലീസ് പരിശോധന ഊർജിതമാക്കി. കണ്ണൂർ ജില്ലയിലെ രണ്ട് സ്കൂളുകളിൽ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലക്കാരായ രണ്ട് അധ്യാപകർ കോവിഡ് ബാധിതരാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നിന്നുള്ളവർ കണ്ണൂരിലേക്കു പ്രവേശിക്കാതിരിക്കാനുള്ള മുൻകരുതലാണു കണ്ണൂർ പൊലീസ് സ്വീകരിക്കുന്നത്.

അതെ സമയം കണ്ണൂർ ജില്ലയിൽനിന്നും ആളുകൾ ഇങ്ങോട്ട് എത്തുന്നതു തടയാൻ ഇവിടെയും കർശന നിരീക്ഷണമുണ്ട്. അതെ സമയം കണ്ണൂർ‌ വിമാനത്താവളം വഴി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ ഇതിനിടയിൽ പ്രയാസത്തിലാണ്. പെരിങ്ങത്തൂർ പാലം വഴി രാത്രി പൂർണമായ യാത്രാ വിലക്കുള്ളതിനാൽ കൈനാട്ടി, അഴിയൂർ വഴി കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാണു കഴിഞ്ഞ ദിവസം ചിലർ വിമാനത്താവളത്തിലെത്തിയത്.