പള്ളിയിലെ ജീവനക്കാരെ പൊലീസ് മര്‍ദിച്ചെന്ന് പരാതി

പള്ളിയിലെ ജീവനക്കാരെ പൊലീസ് മര്‍ദിച്ചെന്ന് പരാതി

കുറ്റിയാടി: മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് നെരയങ്കോട്ട് ജുമാ മസ്ജിദില്‍ ബലിപെരുന്നാള്‍ ദിവസം അറിയിപ്പ് പതിക്കാന്‍ എത്തിയവരെ കുറ്റിയാടി സിഐയുടെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി. മുത്തവല്ലി നെല്ലിയുള്ളതില്‍ ഷരീഫ്, മുക്രി സുലൈമാന്‍ മുസ്ല്യാര്‍ എന്നിവരെയാണ് മര്‍ദിച്ചത്. പരിക്കേറ്റ ഇവര്‍ കുറ്റിയാടി ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.

സാധാരണ ബലിപെരുന്നാള്‍ ദിവസം നടക്കാറുള്ള നിസ്‌കാരവും ബലികര്‍മവും കണ്ടെയിന്‍മെന്റ് സോണായതിനാല്‍ ഈ വര്‍ഷം നടത്താന്‍ കഴിയില്ല എന്ന അറിയിപ്പ് മസ്ജിദിന് പുറത്ത് പതിക്കാന്‍ വന്നതായിരുന്നു ഇവര്‍. ഇതിനിടയിലാണ് പോലീസ് നടപടിയുണ്ടായത്. അതേസമയം മരുതോങ്കര പഞ്ചായത്ത് കണ്ടെയ്‌മെന്റ് സോണിലുള്ള പ്രദേശമായതിനാല്‍ പതിവിനു വിപരീതമായി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടതിനാലാണ് എത്തിയതെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോവിഡ് ബോധവത്കരണം നടത്തിയതെല്ലാതെ മോശമായി പെരുമാറിയില്ലെന്നുമാണ് പോലീസ് വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് കോവിഡ് ചട്ടലംഘനം നടത്തിയതിന്റെ പേരില്‍ എട്ട് ആളുകളുടെ പേരില്‍ കേസെടുത്തു.

പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ജുമാമസ്ജിദിലെ ഭാരവാഹികളെ പോലീസ് മര്‍ദിച്ചതില്‍ മരുതോങ്കര മണ്ഡലം യുഡിഎഫ് കമ്മിറ്റി പ്രതിഷേധിച്ചു. വിശ്വസിക്കാനും അവിശ്വസിക്കാനും സ്വാതന്ത്ര്യമുള്ള ജനാധിപത്യ രാജ്യത്ത് ഇത്തരം അടിച്ചമര്‍ത്തലുകള്‍ അധികം വാഴില്ലെന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ നന്നെന്ന് യോഗം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ നടപടിയെടുത്തില്ലങ്കില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പെടെയുള്ള സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് യോഗം വ്യക്തമാക്കി.

അടുക്കത്ത് നെരയങ്കോട്ട് ജുമാ മസ്ജിദ് മുത്തവല്ലി ഷെരീഫിനെയും മുക്രി സുലൈമാന്‍ മുസ്ല്യാരെയും മര്‍ദിച്ച കുറ്റിയാടി സിഐക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഎം മരുതോങ്കര ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പെരുന്നാള്‍ ദിവസം പള്ളിയില്‍ പ്രാര്‍ഥനയില്ല എന്ന കാര്യം നോട്ടീസ് ബോര്‍ഡില്‍ ഇടുന്നതിനായി പള്ളിയില്‍ എത്തിയവരെ യാതൊരു പ്രകോപനവുമില്ലാതെ ഇന്‍സ്‌പെക്ടര്‍ മര്‍ദിക്കുകയായിരുന്നു. പള്ളിക്കമ്മറ്റിയുടെ ഉത്തരവാദപ്പെട്ട ഭാരവാഹിയാണെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാനാണ് വന്നതെന്ന് പറഞ്ഞിട്ടും ചെവിക്കൊള്ളാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചാണ് പഞ്ചായത്തിലെ ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി ഗൗരവത്തോടെ കാണണമെന്നും ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

അടുക്കത്ത് നെരയങ്കോട്ട് ജുമാ മസ്ജിദ് മുത്തവല്ലിയെയും മുക്രിയെയും പള്ളിയില്‍ കയറി മര്‍ദിച്ച കുറ്റിയാടി സിഐക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇ കെ വിജയന്‍ എംഎല്‍എ ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് മേധാവിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തു നല്‍കിയതായും അദ്ദേഹം അറിയിച്ചു. എല്‍ഡിഎഫിന്റെ പോലീസ് നയത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തണമെന്ന് സിപിഐ നാദാപുരം മണ്ഡലം സെക്രട്ടറി അഡ്വ. പി.ഗവാസ് ആവശ്യപ്പെട്ടു.

പോലീസ് നടപടിയെ യൂത്ത് കോണ്‍ഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ശക്തമായി അപലപിച്ചു. സംഭവത്തില്‍ ലീഗ് ജില്ല വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കല്‍, മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, മണ്ഡലം ജനറല്‍ സിക്രട്ടറി എന്‍.കെ മൂസ തുടങ്ങിയവര്‍ പ്രതിഷേധിച്ചു. കുറ്റിയാടി പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് എതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ മരുതോങ്കര മേഖല കമ്മിറ്റി ആവിശ്യപ്പെട്ടു.