മികവിന്റെ പാതയിൽ കൊയിലാണ്ടി നഗരസഭയിലെ സ്കൂളുകൾ

മികവിന്റെ പാതയിൽ കൊയിലാണ്ടി നഗരസഭയിലെ സ്കൂളുകൾ

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണ് കൊയിലാണ്ടി നഗരസഭയിലെ സ്കൂളുകൾ. നഗരസഭയിലെ രണ്ട് സ്കൂളുകളിൽ നിർമ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്.

കൊയിലാണ്ടി ഗവ ഗേൾസ് സ്കൂളിൽ മൂന്ന് കോടി രൂപയിൽ പുതിയ ബ്ലോക്ക് കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി. ആറ് മാസം കൊണ്ട് പണി പൂർത്തിയാക്കാനാണ് ശ്രമം. മൂന്ന് നിലയിലായി പന്ത്രണ്ട് ക്ലാസ് മുറികൾ, ലാബ് എന്നിവ ഒരുക്കും. 

കൊയിലാണ്ടി ഗവ. മാപ്പിള സ്കൂളിലും മൂന്ന് കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിക്കുകയാണ്. സ്കൂൾ സമുച്ചയത്തിലെ ഏറ്റവും പഴയ കെട്ടിടം പൊളിച്ചാണ് പുതിയത് നിർമിക്കുക. 12 ക്ലാസ് മുറികൾ, ആധുനിക സംവിധാനത്തിലുള്ള പാചക മുറി, ഡൈനിംഗ് ഹാൾ, ലാബുകൾ എന്നിവ ഉൾപ്പെടുത്തും.

നഗരസഭയിലെ സ്കൂളുകളുടെ ഭൗതിക സാഹചര്യം ഉയർത്തി മികവിന്റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. കെ സത്യൻ പറഞ്ഞു.

എസ്എസ്എൽസി പരീക്ഷയിൽ കൊയിലാണ്ടി നഗരസഭയിലെ ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ 100% വിജയം കൈവരിച്ചു. നഗരസഭയിലെ നാല് വിദ്യാലയങ്ങൾ 99.9% വിജയം നേടി. നാല് വിദ്യാലയങ്ങളിലായി 143 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസും ലഭിച്ചു.