എസ്.ഡി.പി.ഐ. പഞ്ചായത്ത് ഓഫീസ് ശുചീകരിച്ചതിനെച്ചൊല്ലി വേളത്ത് വിവാദം

എസ്.ഡി.പി.ഐ. പഞ്ചായത്ത് ഓഫീസ് ശുചീകരിച്ചതിനെച്ചൊല്ലി വേളത്ത് വിവാദം

വേളം : സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ച വേളം ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ശുചീകരിച്ചതുമായി ബന്ധപ്പെട്ട് വേളത്ത് വിവാദം. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അബ്ദുള്ളയുടെ ഒത്താശയോടുകൂടി എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസും പരിസരഭാഗങ്ങളും ശുചീകരിച്ചത് ലോക് ഡൗണ്‍ ലംഘനമാണെന്ന ആരോപണവുമായി എല്‍.ഡി.എഫ്. ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

കോവിഡ് സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ കൊടിയോ ചിഹ്നങ്ങളോ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ ചിഹ്നംപതിപ്പിച്ച യൂണിഫോമുകളുമായി ശുചീകരണത്തില്‍ ഏര്‍പ്പെട്ടത്.

അണുനശീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സ് റാപ്പിഡ് ടീം സദാ സന്നദ്ധരായിരിക്കെയാണ് പ്രസിഡന്റ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കിയതെന്ന്് ഡി.വൈ.എഫ്.ഐ. പറഞ്ഞു.

അതിനിടെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ക്ക് പഞ്ചായത്ത് ശുചീകരിക്കാന്‍ അനുമതി നല്‍കിയ പ്രസിഡന്റിന്റെ തീരുമാനത്തിനെതിരേ മുസ്‌ലിം ലീഗിലും യൂത്ത് ലീഗിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസിറുദ്ദീന്റെ ഘാതകര്‍ക്ക് പഞ്ചായത്ത് ഓഫീസ് അഴിഞ്ഞാടാനുള്ള വേദിയാക്കി മാറ്റാന്‍ പ്രസിഡന്റ് അവസരം നല്‍കിയതായി സാമൂഹികമാധ്യമങ്ങളില്‍ ആരോപണമുയര്‍ന്നിട്ടുണ്ട്.

സമ്പൂര്‍ണ ലോക്ഡൗണ്‍ ലംഘനം നടത്തിയവര്‍ക്കെതിരേയും പഞ്ചായത്ത് ഓഫീസ് തുറന്ന് ഓഫീസ് കൈയേറിയ സംഭവത്തെപ്പറ്റിയും അന്വേഷിക്കണമെന്ന് എല്‍.ഡി.എഫ്. പഞ്ചായത്ത് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

വിശ്വാസവഞ്ചനയാണ് നടന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അബ്ദുള്ള

കോവിഡ് സന്നദ്ധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ രജിസ്റ്റര്‍ചെയ്ത വ്യക്തി പഞ്ചായത്ത് ശുചീകരിക്കാനും അണുനശീകരണം നടത്താനും അനുമതി ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഓഫീസ് വിട്ടുകൊടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അബ്ദുള്ള പറഞ്ഞു. എന്നാല്‍ തന്നെ കബളിപ്പിച്ചുകൊണ്ട് മറ്റൊരു സംഘടനയില്‍പ്പെട്ട പ്രവര്‍ത്തകരെ എത്തിച്ച് ശുചീകരണം നടത്തുകയായിരുന്നു. വിശ്വാസവഞ്ചനയാണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും തീരുമാനത്തിന് വിരുദ്ധമായി ഓഫീസില്‍ പ്രവേശിച്ചവര്‍ക്കെതിരേ പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു

 Kozhikode