ഒരിടവേളയ്ക്ക് ശേഷം ചൈനയില്‍ കോവിഡ് കേസുകള്‍ കൂടുന്നു

ഒരിടവേളയ്ക്ക് ശേഷം ചൈനയില്‍ കോവിഡ് കേസുകള്‍ കൂടുന്നു

ചൈനയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. പുതുതായി  61 കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ മാസത്തിന് ശേഷം ചൈനയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കണക്കാണിത്. ഏപ്രില്‍ 14ന് 89 കോവിഡ് കേസുകളാണ് ചൈനയില്‍ സ്ഥിരീകരിച്ചത്.

മൂന്ന് പ്രവിശ്യകളിലാണ് ഇപ്പോള്‍ പ്രധാനമായും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നതിനാല്‍ പുതിയ ഒരു കോവിഡ് വേവ് ആണോ എന്ന ആശങ്കയിലാണ് ചൈന. 61ല്‍ 57 കേസുകളും ഷിന്‍ജിയാങ് പ്രവിശ്യയിലാണ്. ഷിന്‍ജിയാങിലെ കോവിഡ് ക്ലസ്റ്ററിന്റെ ഉറവിടം വ്യക്തമല്ല. വടക്ക് കിഴക്കന്‍ പ്രവിശ്യയായ ലിയാഉന്നിങില്‍ 14 കേസുകള്‍ കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര കൊറിയന്‍ അതിര്‍ത്തി പ്രവശ്യയായ ജിലിനില്‍ രണ്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മേയ് മാസത്തിന് ശേഷം ഇവിടെ ആദ്യമായാണ് കോവിഡ് സ്ഥിരീകരിച്ചത്.

ലക്ഷണങ്ങളില്ലാത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പരിശോധന വര്‍ധിപ്പിക്കാനാണ് ചൈനയുടെ തീരുമാനം. ഡാലിയാനിലും ഉറുംഗിയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നിലവില്‍ 331 പേരാണ് കോവിഡ് ബാധിച്ച് ചൈനയില്‍ ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇതില്‍ 21 പേരുടെ നില ഗുരുതരമാണ്.