അഴിയൂര്‍ കുടുംബാരോഗ്യകേന്ദ്രം മൂന്നിന് തുറക്കും

അഴിയൂര്‍ കുടുംബാരോഗ്യകേന്ദ്രം മൂന്നിന് തുറക്കും

ഴിയൂര്‍: ഗ്രാമപഞ്ചായത്തിലെ ആരോഗ്യ മേഖലക്ക് കുതിപ്പേകിക്കൊണ്ട് ആദ്രം പദ്ധതിയില്‍പെടുത്തി അഴിയൂര്‍ പിഎച്ച്‌സി ഇനി കുടുംബോരോഗ്യ കേന്ദ്രം. ഇതിന്റെ ഉദ്ഘാടനം ഓഗസ്റ്റ് മൂന്നിനു മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും.

കൂടുതല്‍ ഡോക്ടര്‍മാര്‍, വൈകുന്നേരം വരെ ഒ.പി, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് ആര്‍ദ്രം പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ മുന്നു ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നതാണ്. ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.

നിലവില്‍ ഉള്ള കോവിഡ് പോസിറ്റീവ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലെ മുഴുവന്‍ പേരും നെഗറ്റീവായതിനാല്‍ അഴിയൂരിനെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി തരുവാന്‍ യോഗം കലക്ടറോട് അഭ്യര്‍ഥിച്ചു. അണ്ടികമ്പിനിയുടെ മുന്നില്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് വലിയ ആരോഗ്യപ്രശ്‌നമായതിനാല്‍ അവിടെയുള്ള വാഹന പാര്‍ക്കിംഗ് ഒഴിവാക്കിയെടുക്കുന്നതിനു ഡി.ജി.പിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് കെയര്‍ ഹോം ആരംഭിക്കുന്നതിന് കെട്ടിടം കണ്ടെത്തും. പഞ്ചായത്ത് പരിധിയില്‍ നടക്കുന്ന കല്ല്യാണം, മരണം എന്നിവ പഞ്ചായത്തില്‍ രജിസ്‌ററര്‍ ചെയ്യണമെങ്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങ് നടന്നത് എന്നു തെളിയിക്കാന്‍ വാര്‍ഡ് ആര്‍ആര്‍ടി യുടെ കത്ത് നിര്‍ബന്ധമാക്കാനും ഭരണസമിതി തീരുമാനിച്ചു. ലൈഫ് ഭവനപദ്ധതിയിയില്‍ പുതുതായി ചേരാന്‍ അടുത്തമാസം 1 മുതല്‍ 14 വരെ ഓണ്‍ലൈനിലൂടെ അവസരം ഉണ്ടാകും. അണുനശീകരണം നടത്താന്‍ വാര്‍ഡ് തലത്തില്‍ വളണ്ടിയര്‍മാരെ സജ്ജമാക്കി പരിശീലനം നല്‍കും.

വൈസ് പ്രസിഡന്റ് ഷീബ അനില്‍, സ്ഥിരം സമിതി അധ്യക്ഷരായ ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കല്‍, ജാസ്മിന കല്ലേരി, പഞ്ചായതത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് എന്നിവര്‍ സംബന്ധിച്ചു.