ആയഞ്ചേരി കുടുബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ആഗസ്റ്റ് 3ന്.

ആയഞ്ചേരി കുടുബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ആഗസ്റ്റ് 3ന്.

കേരള സര്‍ക്കാറിന്റെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി കുടുബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ ആയഞ്ചേരി പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം ആഗസ്ത് 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും .

പരേതനായ പി.എസ്സ് വാര്യര്‍ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന 1974 ല്‍ ആണ് കടമേരിയിലെ താഴെ കുനിയില്‍ ഒരു വാടക കെട്ടിടത്തില്‍ റൂറല്‍ ഡിസ്‌പെന്‍സറിയായി ആശുപത്രിക്ക് തുടക്കം കുറിച്ചത്. നാട്ടുകാര്‍ പണം പിരിച്ചാണ് ഇപ്പേള്‍ ആശുപത്രി നില്‍ക്കുന്ന ചെറുവറ്റ ഇല്ലത്ത് സ്ഥലം വാങ്ങിയത്. 1997 ല്‍ നൊച്ചാട്ട് കുഞ്ഞബ്ദുള്ള പ്രസിഡണ്ടായിരിക്കെ മുന്‍ എം.പി ബി.വി അബ്ദുള്ളക്കോയയുടെ വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.

പിണറായി സര്‍ക്കാര്‍  2017ല്‍ ആര്‍ദ്രം മിഷന് രൂപം നല്‍കിയപ്പോള്‍ ആദ്യഘട്ടം കുറ്റിയാടി നിയോജക മണ്ഡലത്തിന്  അനുവദിച്ച കുടുബാരോഗ്യ കേന്ദ്രമായി എം.എല്‍.എ ആയഞ്ചേരി പ്രൈമറി ഹെല്‍ത്ത് സെന്ററിനെ തിരഞ്ഞെടുക്കുകയായിരുന്നു. സര്‍ക്കാര്‍ ഫണ്ടും, പഞ്ചായത്ത് വിഹിതവും ഉള്‍പ്പടെ 50 ലക്ഷം രൂപയോളം കുടുബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചിട്ടുണ്ട്. 

6 മണി വരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ 3 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 25 ജീവനക്കാരുണ്ട്. ലാബ് സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള ആശുപത്രിയില്‍ കടമേരി, എളയടം, പൊന്മേരി, ആയഞ്ചേരി, എന്നിവിടങ്ങളില്‍ നിന്ന് നൂറുകണക്കിന് രോഗികള്‍ ദിവസവും ചികിത്സക്കായി എത്തുന്നുണ്ട്.

വടകര എം.പി കെ. മുരളീധരന്‍, എം.എല്‍.എ പാറക്കല്‍ അബ്ദുള്ള, ആരോഗ്യ വകുപ്പ് സിക്രട്ടരി രാജന്‍ എന്‍ കോബ്രഗഡെ ഐഎസ്, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സൗമ്യ വലിയവീട്ടില്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും.

Kozhikode