ജോലിയും ജോലിക്കാരെയും കിട്ടാന്‍ ഒറ്റ ക്ലിക്ക്

ജോലിയും ജോലിക്കാരെയും കിട്ടാന്‍ ഒറ്റ ക്ലിക്ക്

തെങ്ങുകയറ്റക്കാരും വീട്ടുജോലിക്കാരും പ്ലംബറും എല്ലാം ഇനി ഒറ്റ ക്ലിക്കില്‍ ലഭ്യം. രജിസ്‌ട്രേഷന്‍ ചാര്‍ജുമില്ല, ഇടനിലക്കാരുമില്ല, കൂലി നേരിട്ട് സംസാരിച്ച് ഉറപ്പിക്കാം. ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ക്ക് ഇടനിലക്കാരില്ലാതെ വീടിനടുത്തുതന്നെ ജോലി ലഭിക്കും. 

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ(കെയ്‌സ്) തൊഴില്‍ പോര്‍ട്ടലായ സ്‌കില്‍ രജിസ്ട്രിയാണ് സേവനം ഒരുക്കുന്നത്. ജോലി ആവശ്യമുള്ളവര്‍ക്കും തൊഴിലാളികളെ വേണ്ടവര്‍ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. വെബ്‌സൈറ്റിലും മൊബൈല്‍ആപ്പിലും സൗകര്യമുണ്ടാകും. തൊഴിലാളികള്‍ക്ക് പ്രതിഫലം പരസ്യപ്പെടുത്താനും തൊഴിലേറ്റെടുക്കാന്‍ സൗകര്യപ്രദമായ സ്ഥലം തിരഞ്ഞെടുക്കാനും കഴിയും.

കൂലിയില്‍ ഇളവുംനല്‍കാം. ജോലി നല്‍കുന്നവര്‍ക്ക് തൊഴിലാളികളെ വിലയിരുത്താനും നല്‍കിയ കൂലി രേഖപ്പെടുത്താനും മാര്‍ക്കിടാനും അവസരമുണ്ട്. മികച്ച സേവനം നല്‍കുന്നവര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും.

ഇലക്ട്രീഷ്യന്‍, മേസ്തിരി, മരപ്പണിക്കാര്‍, െ്രെഡവര്‍, മെക്കാനിക്ക് തുടങ്ങി 42 തരം തൊഴിലാളികള്‍ക്കാണ് രജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുള്ളത്.

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കും തൊഴില്‍ കണ്ടെത്താം. അംഗീകൃത കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്കും പരമ്പരാഗത തൊഴിലാളികള്‍ക്കും അവസരമുണ്ട്. കോഴ്‌സ് കഴിയുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അനുമതി നല്‍കുന്നത് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് വകുപ്പാണ്. പരമ്പരാഗത തൊഴിലാളികള്‍ക്ക് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് സാക്ഷ്യപത്രം നല്‍കേണ്ടത്.

അക്ഷയകേന്ദ്രങ്ങള്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. സാക്ഷ്യപത്രം സഹിതം രേഖകള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. ഗൂഗിള്‍പ്ലേ സ്‌റ്റോറില്‍ നിന്നു സ്‌കില്‍ രജിസ്ട്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഉപഭോക്താക്കള്‍ക്ക് മൊബൈല്‍നമ്പര്‍ ഉപയോഗിച്ച് ഒറ്റത്തവണ രജിസ്‌ട്രേഷനാണ് അനുവദിച്ചിട്ടുള്ളത്. ജി.പി.എസ്. അധിഷ്ഠിത തിരയല്‍സംവിധാനമാണ് ആപ്പിലുള്ളത്. ഉപഭോക്താക്കളുടെ സമീപത്തുള്ള തൊഴിലാളികളുടെ വിവരങ്ങളാകും ആദ്യം തെളിയുക.

തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ഫെബ്രുവരിയില്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതുവരെ 3500 തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ആവശ്യക്കാരാണ് ഏറെയുള്ളത്. 12,000 പേരാണ് വിവിധതരം തൊഴിലാളികള്‍ക്കുവേണ്ടി കാത്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാനുള്ള വിലാസം: http://www.keralaskillregistry.com