തിരുവനന്തപുരം: മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ, സർക്കാർ 'ഒളിച്ചുവെച്ച' വിവരങ്ങൾ പുറത്തുവിടുന്നതിൽ സംസ്ഥാന വിവരാവകാശ കമീഷൻ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കില്ല.ഒഴിവാക്കിയ പേജുകൾ പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പറയുന്നത് നീട്ടിവെച്ചത്. പരാതി പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന് കമീഷൻ അറിയിച്ചു.
295 പേജുള്ള റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി മുഴുവൻ വിവരങ്ങളും നൽകണമെന്നാണ് ജൂലൈ അഞ്ചിന് വിവരാവകാശ കമീഷൻ ഉത്തരവിട്ടിരുന്നത്. വ്യക്തിഗത വിവരങ്ങളെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ 33 ഖണ്ഡികകൾ കമീഷൻ സ്വയമേ ഒഴിവാക്കിയിരുന്നു. ഇതിനുപുറമെ, സ്വകാര്യതയെ ബാധിക്കുന്ന മറ്റേതെങ്കിലും ഭാഗങ്ങൾ റിപ്പോർട്ടിലുണ്ടെങ്കിൽ അവയും ഒഴിവാക്കാമെന്നും എന്നാൽ, ഒഴിവാക്കുന്ന ഭാഗങ്ങൾ ഏതൊക്കെയാണ് അപേക്ഷകനെ മുൻകൂട്ടി അറിയിക്കണമെന്നും കമീഷൻ സർക്കാറിനോട് നിർദേശിച്ചിരുന്നു. ഈ നിർദേശം മറയാക്കി കമീഷൻ ഒഴിവാക്കിയ 33 ഖണ്ഡികകൾ കൂടാതെ, 101 ഖണ്ഡികകൾ കൂടി സാംസ്കാരിക വകുപ്പ് ഒഴിവാക്കി.