ചെന്നൈ: ഡിഎംകെ നേതാവ് എം കരുണാനിധിയുടെ മൂത്ത മകനും നടനുമായ എംകെ മുത്തു (77) അന്തരിച്ചു. ആരോഗ്യപരമായ പ്രശ്ങ്ങളെ ഏറെ നാളായി വിശ്രമം തുടരുകയായിരുന്നു മുത്തു. പൊതുവേദികളിൽ അപൂർവമായി മാത്രമേ അദ്ദേഹത്തെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരുണാനിധിയുടെ വഴിയെ സിനിമയിൽ എത്തിയ മുത്തുവിന് ഒരു നടനെന്ന നിലയിൽ ഒരിക്കലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചിട്ടില്ല.
1948ൽ നാഗപട്ടണം ജില്ലയിലെ തിരുക്കുവളയിൽ കരുണാനിധിയുടെയും ആദ്യഭാര്യ പത്മാവതിയുടെയും മകനായാണ് മുത്തു ജനിച്ചത്. മുത്തുവിനെ പ്രസവിച്ച ഉടൻ തന്നെ, പത്മാവതി ക്ഷയരോഗം മൂലം മരിച്ചു. ആദ്യ ഭാര്യയുടെ മരണശേഷം, കരുണാനിധി ദയാലു അമ്മാളിനെ വിവാഹം കഴിച്ചു. എം കെ അളഗിരി, എം കെ സ്റ്റാലിൻ, സെൽവി, എം കെ തമിഴരശു എന്നീ നാല് മക്കളാണ് അവർക്കുള്ളത്.ഡിഎംകെ സ്ഥാപകൻ സിഎൻ അണ്ണാദുരൈയുടെ പിൻഗാമിയായി തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ കരുണാനിധിയുടെ രാഷ്ട്രീയ പിൻഗാമിയായി ആദ്യം അവതരിക്കപ്പെട്ടത് മുത്തുവിനെയായിരുന്നു.