കോഴിക്കോട്: പ്രമേഹമുള്ളവർ യാത്രകളിൽ നേരിടുന്ന ഭക്ഷണപ്രശ്നത്തിന് പരിഹാരം കാണാൻ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ശ്രമം തുടങ്ങി. ആദ്യഘട്ടമെന്നോണം രാജ്യത്ത് സർവീസ് നടത്തുന്ന പ്രീമിയം തീവണ്ടികളിലാണ് പുതിയ ഭക്ഷണമെനു സജ്ജമാക്കിയത്.
വന്ദേഭാരത്, രാജധാനി തീവണ്ടികളിൽ ഇതുവരെ സസ്യ (വെജ്), സസ്യേതര (നോൺവെജ്) ഭക്ഷണങ്ങൾ മാത്രമാണ് ഐ.ആർ.സി.ടി.സി. നൽകുന്നത്. യാത്രാടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾതന്നെ അവരവർക്ക് ആവശ്യമായ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യം വിനിയോഗിക്കാം.നിലവിലെ ഈ രണ്ടുതരം വിഭവങ്ങൾക്കുപുറമേ, പ്രമേഹരോഗികൾക്കുള്ള സസ്യഭക്ഷണം, പ്രമേഹരോഗികൾക്കുള്ള സസ്യേതരഭക്ഷണം എന്നിവയും ഒാർഡർ ചെയ്യാം. ഇതിനുപുറമേ, ജൈനമത വിശ്വാസികൾക്കുള്ള ഭക്ഷണവും ഓർഡർ ചെയ്യാം.