പേരാമ്പ്ര: കംബോഡിയയില്‍ സൈബര്‍ത്തട്ടിപ്പ് സ്ഥാപനത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ പ്രധാനപ്രതി അറസ്റ്റില്‍. തോടന്നൂര്‍ പീടികയുള്ളതില്‍ തെക്കേ മലയില്‍ അനുരാഗിനെ (25) ആണ് പേരാമ്പ്ര പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് നേരത്തേ പോലീസ് പുറപ്പെടുവിച്ചിരുന്നു. ഒന്നരവര്‍ഷമായി കംബോഡിയയില്‍ സൈബര്‍ത്തട്ടിപ്പുകാര്‍ക്കൊപ്പമാണ് അനുരാഗ് ഉള്ളതെന്ന് പോലീസ് പറഞ്ഞു.കംബോഡിയയില്‍നിന്ന് നാട്ടിലേക്ക് വരുന്നവഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞുവെച്ചതിനെത്തുടര്‍ന്ന് പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂത്താളി പനക്കാട് താഴെപുരയില്‍ അബിന്‍ ബാബുവിനെ (25) തായ്ലാന്‍ഡിലെ ബാങ്കോക്കില്‍ ജോലി ശരിയാക്കാമെന്ന് വാഗ്ദാനംചെയ്ത് കംബോഡിയയില്‍ എത്തിച്ച് തടവില്‍ പാര്‍പ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസ്. ഒക്ടോബര്‍ ഏഴിന് രാത്രി ഒന്നാംപ്രതി അനുരാഗിന്റെ നിര്‍ദേശപ്രകാരം രണ്ടാംപ്രതി സെമില്‍ അബിന്‍ബാബുവിനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. ഇവര്‍ക്കും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരായാണ് അബിന്‍ബാബുവിന്റെ പിതാവ് ബാബുവിന്റെ പരാതിയില്‍ പേരാമ്പ്ര പോലീസ് കേസെടുത്തത്. മറ്റുള്ളവരെ പിടികൂടാനുണ്ട്.
ഒട്ടേറെപ്പേരെ സമാനമായി അനുരാഗിന്റെ നേതൃത്വത്തിലുള്ള സംഘം വഞ്ചിച്ചിട്ടുണ്ട്. ഏഴുകേസുകള്‍ അനുരാഗിനെതിരേ വിവിധ പോലീസ് സ്റ്റേഷനിലുണ്ട്. വടകരയില്‍ നാലുകേസും പൊന്നാനിയിലും ആലുവയിലും ഓരോ കേസുകളുമുണ്ട്. അബിന്‍ ബാബു അഞ്ചുദിവസം മുന്‍പാണ് കംബോഡിയയില്‍നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയത്. യുവാവിന് ഒപ്പംപോയിരുന്ന ഏഴുപേര്‍ രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസി വഴി ഒരു മാസം മുന്‍പുതന്നെ നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു.മണിയൂര്‍ സ്വദേശികളായ അഞ്ചുപേരും ഒരു എടപ്പാള്‍ സ്വദേശിയും ബെംഗളൂരുകാരനുമാണ് രക്ഷപ്പെട്ടെത്തിയത്.
ആ സമയത്ത് അബിന്‍ ബാബുവിന് രക്ഷപ്പെട്ട് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഒരുലക്ഷത്തോളം രൂപ ശമ്പളം വാഗ്ദാനംചെയ്താണ് ഇവരെ ജോലിക്കായി കൊണ്ടുപോയതെന്നാണ് വിവരം.സൈബര്‍ത്തട്ടിപ്പ് ജോലിചെയ്യാന്‍ വിസമ്മതിച്ചതോടെ മര്‍ദനവും ഏല്‍ക്കേണ്ടി വന്നു. ജോലിക്കായി കൊണ്ടുപോയവരില്‍നിന്ന് 1.70 ലക്ഷത്തോളം രൂപ (രണ്ടായിരം ഡോളര്‍) അനുരാഗ് വാങ്ങിയിരുന്നെന്ന് പോലീസ് പറഞ്ഞു.പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി. ജംഷീദ്, എസ്.ഐ. പി. ഷമീര്‍, എസ്.ഐ. എന്‍. സുബ്രഹ്‌മണ്യന്‍, എസ്.സി.പി.ഒ. ടി.കെ. റിയാസ്, സി.പി.ഒ.മാരായ ടി.എം. രജിലേഷ്, എം. ലാലു, എന്‍.പി. സുജില എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.