ഒരു ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം ഇത്രമാത്രം ചര്‍ച്ചയാവാന്‍ കാരണമെന്താണ്? ആരാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ? ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസ് പ്രതിനിധിയായ രാഹുലിനെ ഷാഫി പറമ്പിലിന് പകരമായി പാലക്കാട്ടേക്കയക്കാന്‍ തീരുമാനിക്കാൻ നേതൃത്വം അധികം സമയമെടുത്തില്ല. ആ തീരുമാനം ഒട്ടും തെറ്റായിപ്പോയില്ല എന്ന് രാഹുല്‍ തെളിയിച്ചു.കരുത്തരായ സ്ഥാനാര്‍ഥികളോട് മത്സരിച്ച് കന്നിയങ്കത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയ രാഹുല്‍ മാങ്കുട്ടത്തിലിന്റെ രാഷ്ട്രീയയാത്രയും തെറ്റിയില്ല.
സമീപകാല ചരിത്രത്തില്‍ തിരഞ്ഞെടുപ്പിനുള്ള തീയ്യതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഒരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് അധികം കണ്ടിട്ടുമില്ല.വിഡി സതീശനും കെ സുധാകരനുമെല്ലാം രാഹുലിനെ പിന്തുണച്ചെത്തി. ആളുകളുടെ ഹൃദയം കീഴടക്കിയ സമരനായകനാണ് രാഹുലെന്ന് സതീശനും പുതിയ തലമുറയുടെ പ്രതീകമാണെന്ന് സുധാകരനും പറഞ്ഞു.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ പഠിക്കുമ്പോള്‍ 2006-ല്‍ കെ.എസ്.യു വിലൂടെയാണ് രാഹുല്‍ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം കെ.എസ്.യുവിന്റെ അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസിന്റെ പെരിങ്ങനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായി. പിന്നീട് യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍, കെ.എസ്.യു, ജില്ലാ പ്രസിഡന്റ്, എന്‍.എസ്.യു.ഐ, ദേശീയ സെക്രട്ടറി, കെ.എസ്.യു, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.പി.സി.സി, അംഗം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അങ്ങനെ 18 വര്‍ഷം കൊണ്ട് പാര്‍ട്ടിയിലെ വിവിധ ചുമതലകള്‍, പദവികള്‍. ഒടുവില്‍ 2023ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
അച്ഛനോടുള്ള വൈകാരികമായ അടുപ്പമാണ് തന്നെ കോണ്‍ഗ്രസുകാരനാക്കിയതെന്ന് രാഹുല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. പത്തനംതിട്ട മുണ്ടപ്പള്ളി പാറക്കൂട്ടം ആറ്റിവിളാകത്ത് എസ്. രാജേന്ദ്ര കുറുപ്പ് എന്ന രാഹുലിന്റെ അച്ഛന്‍ ഇന്ത്യന്‍ ആര്‍മി ഓഫീസറും കോണ്‍ഗ്രസുകാരനുമായിരുന്നു. ഖദറിട്ട് നടക്കുന്ന മനുഷ്യന്‍. രാഹുലിന്റെ കുട്ടിക്കാലത്ത് തന്നെ അച്ഛന്‍ മരണപ്പെട്ടതോടെ അമ്മ ബീനയായി പിന്നെയെല്ലാം. ഒരിക്കല്‍ രാഹുല്‍ അച്ഛന്റെ ഖദറിട്ടുനോക്കിയപ്പേള്‍ വൈകാരികമായ ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു. അന്ന് വെറുതെയിട്ട് നോക്കിയ ഖദര്‍ മനസിനകത്ത് ഇപ്പോഴും ധരിക്കുന്നുണ്ടെന്നാണ് രാഹുല്‍ പറയുന്നത്.
അടൂര്‍ തപോവന്‍ സ്‌കൂള്‍, പന്തളം സെന്റ് ജോണ്‍സ് പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്ന് ബിരുദം. ഡല്‍ഹി സെയ്ന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്ന് ചരിത്രത്തില്‍ എം.എ.യും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇംഗ്ലീഷില്‍ എം.എ.യും നേടി. നിലവില്‍ കോട്ടയം യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുകയാണ്. രാഹുല്‍ അധ്യക്ഷനായതുമുതല്‍ നിരവധി സമരപരിപാടികള്‍ക്കാണ് യൂത്ത് കോണ്‍ഗ്രസ് രൂപം കൊടുത്തത്. സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളിലൂടെ ശ്രദ്ധേയനായി. ഈ വര്‍ഷമാദ്യം സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അടൂരിലെ വീട് വളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്തത് കേരളമൊട്ടാകെ ചര്‍ച്ചയായിരുന്നു.
തൃക്കാക്കരയിലും, പുതുപ്പള്ളിയിലുമുള്‍പ്പെടെ നിരവധി ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകനായിരുന്നു രാഹുല്‍.2023-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി പറമ്പില്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് അതേ സ്ഥാനത്തേക്ക് രാഹുല്‍ എത്തുന്നത്. രാഷ്ട്രീയത്തില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും ഷാഫിയുമായി രാഹുലിന് വളരെയധികം അടുപ്പമുണ്ട്. മൂത്ത സഹോദരനെ പോലെയാണ് ഷാഫിയെന്ന് രാഹുല്‍ പറഞ്ഞിട്ടുമുണ്ട്.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ കന്നിയങ്കത്തിൽ കരുത്തരായ എതിരാളികളെയാണ് രാഹുല്‍ മലര്‍ത്തിയടിച്ചത്. ബിജെപിയുടെ കോട്ട തകർത്ത് ഇടത് വോട്ടുകള്‍ കുത്തിമറിച്ചാണ് രാഹുലിന്റെ വിജയം. സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ യുവനിരയിലേക്കുയര്‍ന്ന രാഹുലിന്റെ രാഷ്ട്രീയഭാവി ശോഭനമാക്കിയ ഉപതിരഞ്ഞെടുപ്പാണിത് എന്ന് നിസംശയം പറയാം.