തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെപേരില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം. കേസ് നിയമപരമായി നേരിടുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.
ഒരിക്കൽ ധാർമ്മികത മുൻനിർത്തി സജി ചെറിയാൻ രാജിവച്ചതാണെന്നും അതിനാൽ ഇപ്പോൾ ഒരേ വിഷയത്തിൽ രണ്ട് തവണ രാജി വേണ്ടെന്നുമാണ് പാർട്ടി നിലപാട്. ഇതേനിലപാട് തന്നെയാണ് കഴിഞ്ഞദിവസം മന്ത്രിയും സ്വീകരിച്ചത്. കേസിൽ സ്വതന്ത്രമായ അന്വേഷണം നടക്കട്ടെ.
സജി ചെറിയാന്റെ ഭാഗം കേട്ടില്ലെന്ന അദ്ദേഹത്തിന്റെ വാദം ശരിയാണെന്നാണ് പാർട്ടി നിലപാട്. മന്ത്രിസ്ഥാനത്തിരിക്കുന്ന ആളാണെങ്കിലും അന്വേഷണം വേണം എന്ന് ഹൈക്കോടതി പറയുമ്പോൾതന്നെ അദ്ദേഹത്തിന്റെ മന്ത്രി സ്ഥാനത്തെ കോടതി ചോദ്യം ചെയ്‌തിട്ടില്ല എന്നും സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയിൽ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് കോടതി വിശ്വാസം അർപ്പിച്ചിട്ടുണ്ട് എന്നും സിപിഎം പറയുന്നു അതിനാൽ തന്നെ മന്ത്രിസ്ഥാനം സജി ചെറിയാൻ രാജിവയ്‌ക്കേണ്ട എന്നാണ് പാർട്ടി വ്യക്തമാക്കുന്നത്.