മഴയിൽ വൈക്കോൽ നശിച്ചതോടെ വേളത്തെ ക്ഷീരകർഷകർ ദുരിതത്തിൽ

മഴയിൽ വൈക്കോൽ നശിച്ചതോടെ വേളത്തെ ക്ഷീരകർഷകർ ദുരിതത്തിൽ
വേളം പെരുവയലിൽ മറ്റു സ്ഥലങ്ങളിൽനിന്ന് കൊണ്ടുവന്ന വൈക്കോൽ ഇറക്കുന്നു

വേളം: വേനൽമഴയിൽ വൈക്കോൽ നശിച്ചത് വേളത്തെ ക്ഷീരകർഷകർക്ക് ദുരിതമായി. ജില്ലയിലെ പ്രധാന നെല്ലറയായ വേളം പെരുവയൽ പാടത്ത് വേനൽമഴയിൽ വെള്ളം കയറി ടൺ കണക്കിന് വൈക്കോലും നെല്ലും നഷ്ടപ്പെട്ടിരുന്നു. ആവശ്യമുള്ളത്ര വൈക്കോൽ വിളവെടുപ്പിൽ സംഭരിച്ചുവെക്കാറായിരുന്നു പതിവ്.

എന്നാൽ ഇത്തവണത്തെ വേനൽമഴയിൽ വെള്ളം കയറി വൈക്കോൽ മുഴുവൻ നശിക്കുകയായിരുന്നു. വൈക്കോലിനും നെല്ലിനും തുല്യ പ്രാധാന്യം നൽകിയാണ് കർഷകർ ഈ പ്രദേശത്ത് കൃഷി ചെയ്തുപോരുന്നത്. മിൽമയുടെ സഹകരണത്തോടെ വിതരണം ചെയ്യുന്ന വൈക്കോലിന് അടുത്തിടെ വില വർധിച്ചത് കർഷകർക്ക് ഇരുട്ടടിയായി മാറുകയായിരുന്നു.

കാലിത്തീറ്റയ്ക്ക് അനുവദിക്കുന്ന സബ്സിഡി പോലെ വൈക്കോലിനും അനുവദിക്കണമെന്ന് ക്ഷീര കർഷകർ ആവശ്യപ്പെടുന്നു. ക്വിന്റൽ കണക്കിന് വൈക്കോൽ കയറ്റുമതിചെയ്ത പ്രദേശത്ത് ഉയർന്നവിലയിൽ ഇത് ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയിലാണ് കർഷകർ.

നെൽകൃഷി നാശംപോലെ വൈക്കോൽ നാശവും പരിഗണിച്ച് സഹായധനം അനുവദിക്കണമെന്ന് വേളം പെരുവയൽ ക്ഷീരോത്‌പാദക സംഘം യോഗം ആവശ്യപ്പെട്ടു. ടി. ബാലകൃഷ്ണൻ അധ്യക്ഷനായി. പി.കെ. ദാമോദരൻ, സി.എൻ. പോക്കർ, പി. മറിയം എന്നിവർ സംസാരിച്ചു.