യെമനിൽ തടങ്കലിൽ കഴിയുന്ന പ്രവീണിന്റെ മോചനം കാത്ത് പ്രാർത്ഥനയോടെ കുരിയാടിയിലെ കുടുംബം

യെമനിൽ തടങ്കലിൽ കഴിയുന്ന പ്രവീണിന്റെ മോചനം കാത്ത് പ്രാർത്ഥനയോടെ കുരിയാടിയിലെ കുടുംബം

വടകര: നാലരമാസമായി യെമനിൽ കുടുങ്ങിക്കിടക്കുന്ന മലയാളിയുടെ മോചനം കാത്ത് കണ്ണീരോടെ കഴിയുകയാണ് ഒരു കുടുംബം. വടകര കുരിയാടിയിലെ തമ്മാക്കാരന്റവിട ദേവപത്മത്തിൽ ടി.കെ. പ്രവീണാണ് കഴിഞ്ഞ ഫെബ്രുവരി പതിനാല് മുതൽ യെമനിൽ കുടുങ്ങിയത്. ഒപ്പം ഇരുപത്തിരണ്ട് ഇന്ത്യക്കാരുമുണ്ട്. ഭാര്യയും അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബമാണ് പ്രവീണിനുള്ളത്.

അൽ റഹിയ എന്ന ഫെറി ബോട്ടിന്റെ ക്യാപ്റ്റനായ പ്രവീണിനെയും കൂട്ടരെയും സൗദിയിലേക്കുള്ള കടൽയാത്രയ്ക്കിടെ യെമൻ കോസ്റ്റ് ഗാർഡ് പിടിച്ചെന്നാണ് ആദ്യം വിവരം കിട്ടിയത്. പിന്നീട് തീവ്രവാദികളുടെ കൈയിലകപ്പെട്ടെന്നാണ് ഫോൺ വിളിച്ചപ്പോൾ പ്രവീൺ അറിയിച്ചതെന്ന് ഭാര്യ അമൃത പറഞ്ഞു.

അൽ റഹിയ ഉൾപ്പടെ മൂന്ന് ബോട്ടുകളുമായാണ് സൗദിയിലേക്ക് യാത്ര തിരിച്ചത്. ഫെബ്രുവരി 14-ന് ഒപ്പം പോയ ഡാന-6 എന്ന ബോട്ട് കടലിൽ മുങ്ങി. സ്ഥലത്തെത്തിയ യെമൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. പിന്നീട് ഇതിലുള്ളവരെയും മറ്റ് രണ്ട് ബോട്ടുകളും യെമനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അന്നുമുതൽ യെമനിൽ തന്നെയാണ് ഇവരുള്ളത്. കൂടെയുള്ളവരിൽ ഭൂരിഭാഗവും ബംഗാളികളാണ്.

പിടിയിലായ ശേഷം ആറുതവണയോളം പ്രവീൺ വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. തീവ്രവാദികളുടെ പിടിയിലാണ് തങ്ങൾ ഉള്ളതെന്ന് പറഞ്ഞത് ഈ വേളയിലാണ്. ഇവർ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ബോട്ടിലുള്ളവരെ വിടാൻ ഏതാണ്ട് തീരുമാനമായതാണെന്നും ബോട്ടുകൾ കൂടി വിട്ടയക്കണമെന്ന ആവശ്യം സ്പോൺസറുമാരുടെ ഭാഗത്തുനിന്നുണ്ടായതോടെ വീണ്ടും ചർച്ചകൾ വഴിമുട്ടിയതായും ഇരുപത്തിയേഴിന് വിളിച്ചപ്പോൾ പ്രവീൺ വ്യക്തമാക്കിയതായും പറയുന്നു.

23 പേർക്കും കൂടി ഫോൺ ചെയ്യാൻ കിട്ടുക അരമണിക്കൂറാണ്. അതുകൊണ്ടുതന്നെ കൂടുതൽ കാര്യങ്ങളൊന്നും പറയാൻ കഴിയില്ല. ഭക്ഷണത്തിനും പ്രശ്നമാണെന്ന് പ്രവീൺ പറഞ്ഞതായി ഭാര്യ അമൃത പറഞ്ഞു. പ്രവീണിന്റെ ബന്ധുക്കൾ ഒമാനിൽനിന്ന് മോചനത്തിന്‌ വേണ്ടിയുള്ള ശ്രമം നടത്തുന്നുണ്ട്. എം.പി, മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നിവർക്കെല്ലാം അടുത്തദിവസം തന്നെ നിവേദനം അയക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.