സൈക്കിൾ വാങ്ങാൻ കൂട്ടിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർഥി

സൈക്കിൾ വാങ്ങാൻ കൂട്ടിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർഥി
ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന വളയം സി.ഐ. പി.കെ. ധനഞ്ജയബാബുവിന് ആദിൽ കൈമാറുന്നു

വളയം : സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർഥി. വളയം കുയ്‌തേരിയിലെ കണ്ടംവലിയത്ത് രാജേഷിന്റെ മകൻ ആദിൽ (10) ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.

ആദിലിന്റെ വലിയ ആഗ്രഹമായിരുന്നു സ്വന്തമായി സൈക്കിൾ വാങ്ങുക എന്നത്. ഇതിനായി ഒരു വർഷത്തോളമായി തനിക്ക് കിട്ടുന്ന നാണയത്തുട്ടുകൾ  സ്വരൂക്കൂട്ടി വയ്ക്കുകയും ചെയ്തു. ഇതിനിടെ കോവിഡ് നാട്ടിൽ ദുരിതം വിതച്ചപ്പോൾ മുഖ്യമന്ത്രി സഹായമഭ്യർഥിച്ചത് ആദിലിന്റെ മനസ്സിനെ ഏറെ ചിന്തിപ്പിച്ചു.

തുടർന്ന് തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സന്നദ്ധനാണെന്ന് ആദിൽ അച്ഛൻ രാജേഷിനെ അറിയിച്ചു. മകന്റെ തീരുമാനത്തിന് സമ്മതം മൂളിയ രാജേഷ് ആദിലിനെയും കൂട്ടി വളയം സ്റ്റേഷനിൽവന്ന് സി.ഐ. പി.കെ. ധനഞ്ജയബാബുവിന് തുക കൈമാറുകയും ചെയ്തു. ആദിലിന്റെ പ്രവൃത്തിയെ പോലീസും അഭിനന്ദിച്ചു.