മലയോരത്ത് വീണ്ടും കാട്ടാനക്കൂട്ടം; വ്യാപക കൃഷി നാശം 

മലയോരത്ത് വീണ്ടും കാട്ടാനക്കൂട്ടം; വ്യാപക കൃഷി നാശം 
കണ്ടിവാതുക്കലിൽ ആയോട് കാട്ടാനകൾ നശിപ്പിച്ച കൃഷി

വളയം: കാട്ടാനക്കൂട്ടം കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചു. കണ്ടിവാതുക്കൽ ആയോട് മലയോരത്തെ വാഴ, കമുക്, ചേമ്പ്, തുടങ്ങിയ കാർഷികവിളകളാണ് നശിപ്പിച്ചത്.

ശനിയാഴ്ച വൈകീട്ടോടെ വനത്തിൽനിന്ന് കൃഷിയിടത്തിലേക്കിറങ്ങിയ ആനക്കൂട്ടം കടുവത്താഴ തോമസിന്റെ വീടിനടുത്ത് വരെ എത്തി. മലയോരത്തെ നൂറേക്കർ എസ്റ്റേറ്റ്‌ ഭാഗത്ത് നിലയുറപ്പിച്ചു. എസ്റ്റേറ്റിലെ വിളകളും ആന നശിപ്പിക്കുകയുണ്ടായി. കഴിഞ്ഞദിവസം ആനയിറങ്ങി 500-ഓളം വാഴകളാണ് നശിപ്പിച്ചത്. ഫെൻസിങ്ങ് ലൈനുകൾ തകർത്താണ് ആനക്കൂട്ടം കൃഷിയിടത്തിലിറങ്ങിയത്.

തകർത്ത ഫെൻസിങ്ങുകൾ പൂർവസ്ഥിതിയിലാക്കുന്നതിന് മുമ്പേത്തന്നെ വീണ്ടും ആനകൾ എത്തുകയായിരുന്നു. ആഴ്ചകൾക്കുമുമ്പ് കടുവത്താഴെ മറിയത്തിന്റെ കൃഷിയിടത്തിലെത്തിയ കാട്ടാന തെങ്ങ്, വാഴ, കമുക് തുടങ്ങിയവയും ഇടവിളകൃഷികളും നശിപ്പിച്ചിരുന്നു. ഒരു മാസത്തിനിടെ രണ്ടാംതവണയാണ് ആനക്കൂട്ടം വനത്തോട് ചേർന്ന നൂറേക്കർ എസ്റ്റേറ്റിൽ തമ്പടിക്കുന്നത്.

കണ്ണവം വനമേഖലയിൽനിന്നാണ് കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രത്തിലെത്തുന്നത്. രണ്ട് വർഷത്തോളമായി എട്ടോളം കാട്ടാനകൾ കണ്ടിവാതുക്കൽ, ആയോട് മലകളിലെ കൃഷിയിടത്തിലെത്തി കൃഷികൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.കഴിഞ്ഞവർഷം ഫെൻസിങ്ങ് സ്ഥാപിച്ചശേഷം ഒരുവർഷത്തോളം കാട്ടാനശല്യം ഒഴിവായിരുന്നു.

എന്നാൽ അടുത്തിടെ വനത്തോട് ചേർന്ന് സ്ഥാപിച്ച ഫെൻസിങ്ങ് കാട്ടാനകൾ നശിപ്പിക്കുകയും ഇതു വഴി ആനകൾ വീണ്ടും കൃഷിയിടത്തിൽ ഇറങ്ങുകയാണ് പതിവ്. ഇതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്.