ചാത്തങ്കോട്ടുനട പദ്ധതി: പുനരധിവാസം ആവശ്യപ്പെട്ട് കുടുംബങ്ങളുടെ സമരം

ചാത്തങ്കോട്ടുനട പദ്ധതി: പുനരധിവാസം ആവശ്യപ്പെട്ട് കുടുംബങ്ങളുടെ സമരം
ചാത്തങ്കോട്ടുനട പദ്ധതിയുമായി ബന്ധപ്പെട്ട് വീട് നഷ്ടപ്പെട്ട കുടുംബങ്ങൾ പുനരധിവാസം ആവശ്യപ്പെട്ട് തൊട്ടിൽപ്പാലം കെ.എസ്.ഇ.ബി. ഓഫീസിന് മുമ്പിൽ പ്രതിഷേധിക്കുന്നു

തൊട്ടിൽപ്പാലം : ചാത്തങ്കോട്ടുനട ജലവൈദ്യുതപദ്ധതിയുടെ നിർമാണത്തിന് പാറ പൊട്ടിച്ചതിനെത്തുടർന്ന് വീട്‌ നഷ്ടപ്പെട്ട രണ്ടുകുടുംബങ്ങൾ പുനരധിവാസം ആവശ്യപ്പെട്ട് വൈദ്യുതി ഓഫീസിന് മുമ്പിൽ സമരം നടത്തി. വളയംകോട്ടുമ്മൽ ലീല, അനിത എന്നിവരുടെ കുടുംബമാണ് പ്രതിഷേധിച്ചത്.

നിർമാണക്കരാർ എടുത്ത കമ്പനി ഏർപ്പെടുത്തിയ വാടകവീട് വാടകനൽകാത്തതിനെത്തുടർന്ന്‌ ഒഴിഞ്ഞുകൊടുക്കേണ്ട സാഹചര്യമാണുള്ളതെന്ന് കുടുംബം ആരോപിച്ചു. തൊട്ടിൽപ്പാലം കെ.എസ്.ഇ.ബി.ഒഫീസിന് മുന്നിലെ സമരം സി.പി.എം. ലോക്കൽ സെക്രട്ടറി എ.ആർ. വിജയൻ ഉദ്ഘാടനംചെയ്തു. വാർഡംഗം കെ.ടി. സുരേഷ് അധ്യക്ഷനായി. വി.കെ. രജീഷ്, സി. അശോകൻ, സി.എച്ച്. കുഞ്ഞിക്കണ്ണൻ, സി. അജ്മൽ എന്നിവർ സംസാരിച്ചു.

പദ്ധതിയുടെ ഭാഗമായി വളയംകോട് ഭാഗത്ത് പാറപൊട്ടിക്കുമ്പോൾ ഭീഷണിയിലായ മൂന്ന് കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. വീട് തീർത്തും വാസയോഗ്യമല്ലാതായ ഒരു കുടുംബത്തെ ആർ.ഡി.ഒ. നിർദേശപ്രകാരം പുനരധിവസിപ്പിച്ചു. മറ്റ് രണ്ടുവീടും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാനായിരുന്നു നിർദേശം.

എന്നാൽ വീട്ടുകാർ ഇത് അംഗീകരിക്കാൻ തയ്യാറല്ല. റവന്യൂവകുപ്പിന്റെ മാർഗനിർദേശപ്രകാരമല്ലാതെ വൈദ്യുതിബോർഡിന് ഇക്കാര്യത്തിൽ നടപടിയെടുക്കാനാകില്ലെന്നാണ് കെ.എസ്.ഇ.ബി. അധികൃതരുടെ നിലപാട്.