44 ന്റെ നിറവിൽ  സുരാജ് വെഞ്ഞാറമൂട്  

44 ന്റെ നിറവിൽ  സുരാജ് വെഞ്ഞാറമൂട്  

തിരുവനന്തപുരം  ഭാഷ വേറിട്ട ശൈലിയില്‍ അവതരിപ്പിച്ച്‌ ചലച്ചിത്ര  പ്രേമികളുടെ  ഹൃദയം കീഴടക്കിയ പ്രിയതാരം സുരാജ് വെഞ്ഞാറമൂടിന്  ഇന്ന് 44  വയസ്സ് . തുടക്കത്തില്‍ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റായിരുന്ന സുരാജ്
മിമിക്രിയിലൂടെയാണ് വെള്ളിത്തിരയിലെത്തി പ്രേക്ഷകരുടെ മനം കവര്‍ന്നത്.
തിരുവനന്തപുരത്തിന്റെ ഗ്രാമ്യഭാഷയുടെ പ്രത്യേകതകള്‍, നിറഞ്ഞ സദസുകളില്‍ അവതരിപ്പിച്ച്‌ കയ്യടി നേടിയ പ്രിയ താരം പ്രേക്ഷകശ്രദ്ധ നേടിയെടുത്തത് ചുരുങ്ങിയ കാലയളവ് കൊണ്ടാണ്. ആദ്യ കാലങ്ങളില്‍ ടെലിവിഷന്‍ പരമ്ബരകളില്‍ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളില്‍ മികവുറ്റ ഹാസ്യ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായി. അന്‍വര്‍ റഷീദ് സം‌വിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ "രാജമാണിക്യം "എന്ന സിനിമയില്‍ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടിയത് വളരെ പെട്ടെന്നായിരുന്നു.
നിരവധി ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം മികച്ച ഹാസ്യനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2009, 2010, 2013 വര്‍ഷങ്ങളിലായി മൂന്ന് തവണ നേടിയിട്ടുണ്ട്. അതെ സമയം സ്വഭാവ നടനായും സുരാജ് വേഷമിട്ടിരുന്നു. 2014 ല്‍ "പേരറിയാത്തവര്‍ "എന്ന ചിത്രത്തിലൂടെ അഭിനയത്തിന്റെ അസാധാരണമായ ശേഷി പുറത്തെടുത്ത ഈ കലാകാരന്‍ ‌ദേശീയ അവാര്‍ഡില്‍ മുത്തമിട്ടു . 2009 ല്‍ പുറത്തിറങ്ങിയ ഡൂപ്ലിക്കേറ്റ്, 2017ല്‍ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക് സാക്ഷി തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം നായകനായും വേഷമിട്ടു. 2002 ല്‍ പുറത്തിറങ്ങിയ ജഗപൊക എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത്‌ അരങ്ങേറ്റം കുറിച്ച ബഹുമുഖ പ്രതിഭ രാജമാണിക്യം, ചട്ടമ്ബിനാട് , അറബിക്കഥ, സൗണ്ട് തോമ , തുറുപ്പുഗുലാന്‍, കനകസിംഹാസനം, ഹലോ, മായാവി തുടങ്ങിയ ഒരുപിടി ഹിറ്റ്‌ ചിത്രങ്ങളില്‍ ഹാസ്യതാരമായി. വികൃതി, കുട്ടന്‍പിള്ളയുടെ ശിവരാത്രി , ഡ്രൈവിംഗ് ലൈസന്‍സ് , ഡ്യൂപ്ലിക്കേറ്റ്, പേരറിയാത്തവര്‍ , ആക്ഷന്‍ ഹീറോ ബിജു, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തുടങ്ങിയവയില്‍ സ്വഭാവ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടന്‍ ഇരുന്നൂറോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. സിനിമക്കപ്പുറത്തേയ്ക്ക് സുരാജിന്റെ ഹാസ്യാത്മകമായ സ്റ്റേജ് ഷോകള്‍ ജനക്കൂട്ടത്തിനിടയില്‍ ചിരിയുണര്‍ത്താറുണ്ട് . മിമിക്രി താരത്തില്‍ നിന്ന്‌ ദേശീയ നിലവാരത്തിലേക്കുള്ള ഈ മഹാനടന്റെ വളര്‍ച്ച അഭിമാനത്തോടെയാണ്‌ തന്റെ നാട്ടുകാര്‍ നോക്കിക്കാണുന്നത്. ‌ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് സുരാജ് എന്ന ബഹുമുഖ പ്രതിഭ ഉയര്‍ത്തപ്പെടുമ്ബോള്‍ വെഞ്ഞാറമൂട്‌ നിവാസികളുടെ സന്തോഷത്തിനും അഭിമാനത്തിനും അതിരുകളില്ലായിരുന്നു .