ഫ്യൂചർ ഗ്രൂപ്പിനെ വാങ്ങാനൊരുങ്ങി  റിലയൻസ് ഇൻഡസ്​ട്രീസ്

ഫ്യൂചർ ഗ്രൂപ്പിനെ വാങ്ങാനൊരുങ്ങി  റിലയൻസ് ഇൻഡസ്​ട്രീസ്

കിഷോർ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂചർ ​ഗ്രൂപ്പിനെ വാങ്ങാനൊരുങ്ങി മുകേഷ്​ അംബാനിയുടെ റിലയൻസ്​ ഇൻഡസ്​ട്രീസ്​. രാജ്യത്ത്​ റീടെയിൽ മേഖലയിൽ സാന്നിധ്യം ശക്​തമാക്കുന്നതിൻെറ ഭാഗമായാണ്​ റിലയൻസിൻെറ ഇടപാട്​.
ഫ്യൂചർ റീടെയിൽ, ഫ്യൂചർ ലൈഫ്​ ​സ്​റ്റൈൽ ആൻഡ്​ ഫാഷൻ, ഫ്യൂചർ സപ്ലൈ ചെയിൻ​ സൊലുഷൻസ്​ തുടങ്ങിയ കമ്പനികൾ ലയിച്ച്​ ഒറ്റ കമ്പനിയാകും. ഈ കമ്പനി​യെയാവും റിലയൻസ്​ ഏറ്റെടുക്കുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയെന്നാണ്​ റിപ്പോർട്ടുകൾ. ജൂലൈ 15ന്​ നടക്കുന്ന റിലയൻസിൻെറ ജനറൽ മീറ്റിങ്ങിന്​ മുമ്പായി ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിടും. ഇതിനൊപ്പം ഫ്യൂച്ചർ ഗ്രൂപ്പിൻെറ ഇൻഷൂറൻസ്​ വിഭാഗവും കിഷോർ ബിയാനി വിൽക്കും. യു.എസ്​ ഭീമനായ ആ​മസോൺ ഫ്യൂചർ ​ഗ്രൂപ്പിൽ താൽപര്യമറിയിച്ചിരുന്നുവെങ്കിലും റിലയൻസുമായുള്ള ഇടപാടാണ്​ കമ്പനിക്ക്​ ലാഭമെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ്​ മുകേഷ്​ അംബാനിക്ക്​ കൈമാറാൻ തീരുമാനിച്ചത്​. ഫ്യൂച്ചർ ഗ്രൂപ്പിലെ ഓഹരി ഉടമകളായ ആമസോൺ, ബ്ലാക്ക്​സ്​റ്റോൺ, പ്രേംജി ഇൻവെസ്​റ്റ്​മെന്റ് ​ എന്നീ കമ്പനികൾക്ക്​ റിലയൻസ്​ ഏ​റ്റെടുത്താലും ഓഹരി പങ്കാളിത്തമുണ്ടാവും. 2014ലാണ്​ ബെസോസിൻെറ ആമസോൺ ഫ്യൂച്ചർ ഗ്രൂപ്പിൽ നിക്ഷേപമിറക്കിയത്​.