ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും മാതളം നല്ലത് 

ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും മാതളം നല്ലത് 

കാഴ്ചയില്‍ കൊതിപ്പിക്കുന്ന മാതളത്തിന്‍റെ ഗുണം നമ്മളില്‍ പലര്‍ക്കും അറിയില്ല. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫലമാണ് മാതളം. ഇത് ബാക്ടീരിയല്‍ അണുബാധകളെ തടയാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ മാതളം സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു.
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്ബിന്‍റെ ആഗിരണം വര്‍ദ്ധിപ്പിച്ച്‌ വിളര്‍ച്ച തടയുന്നു. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ദിവസവും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്. മാതളനാരകത്തിന്‍റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്.
ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും മാതളം നല്ലതാണ്. ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് മാതളനാരങ്ങ. മാതള നാരങ്ങയുടെ തൊലിക്ക് സൂഷ്മ ജീവികളെ ചെറുക്കാനുള്ള ശേഷിയുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്‍റ് ഗുണങ്ങളും ഉള്ളതിനാല്‍ ചര്‍മ്മത്തിനുണ്ടാവുന്ന അണുബാധയ്ക്ക് പരിഹാരം നല്‍കാന്‍ ഇവയ്ക്ക് കഴിയും. ചര്‍മ്മം തൂങ്ങുന്നത് ഇവ തടയുന്നത് വഴി ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. മാതളനാരങ്ങയുടെ തൊലിയും കുരുവും മുഖത്തെ ചുളിവുകള്‍ മാറ്റി, ചര്‍മ്മം തിളങ്ങാന്‍ സഹായിക്കുന്നു
മാതളത്തിന്‍റെ കുരു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് കുറച്ച്‌ റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടാം. മസാജ് ചെയ്ത് 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ഇത് ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്യുന്നത് നല്ലതാണ്. മാതളജ്യൂസ് കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്. മാതള നാരങ്ങയുടെ തൊലി അരിഞ്ഞ് പൊടിച്ച ശേഷം രണ്ട് ടീസ്പൂണ്‍ പാല്‍പ്പാടയും ഒരു ടീസ്പൂണ്‍ കടലമാവും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഇത് മുഖത്തും കഴുത്തിലും പുരട്ടുന്നത് കറുത്തപ്പാടുകള്‍ മാറാന്‍ സഹായിക്കുന്നു.