പേരാമ്പ്ര ലോട്ടറിക്കടയിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ

പേരാമ്പ്ര ലോട്ടറിക്കടയിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ

പേരാമ്പ്ര : ടൗണിലെ ലോട്ടറിക്കടയിൽ നടന്ന മോഷണത്തിൽ സമീപകടയിലെ ജോലിക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കോട് കണ്ണിപ്പൊയിൽ വാളംപൊയിൽ പ്രബീഷിനെയാണ് (35) പേരാമ്പ്ര എസ്.ഐ. പി.കെ. റഹൂഫ് അറസ്റ്റുചെയ്തത്.

ചെമ്പ്ര റോഡ് കവലയിലെ പ്രാർത്ഥന മിൽമ ആൻഡ് ലോട്ടറി ഷോപ്പിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. മോഷണംനടന്ന കടയുടെ സമീപത്തെ ബ്യൂട്ടിപാർലറിൽ ജോലിചെയ്യുന്ന ആളാണ് പ്രബീഷെന്ന് പോലീസ് പറഞ്ഞു.

കടയിൽ നിന്ന് രഹസ്യമായി താക്കോൽ കൈക്കലാക്കി ഡ്യൂപ്ലിക്കേറ്റ് ചാവി നിർമിച്ചാണ് പൂട്ടുതുറന്ന് മോഷണം നടത്തിയത്. 3500 രൂപ നഷ്ടപ്പെട്ടിരുന്നു. മുമ്പും ഇതേ ചാവി ഉപയോഗിച്ച് തുറന്ന് മോഷണം നടത്തിയിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. മോഷ്ടിച്ച തുക പോലീസ് കണ്ടെടുത്തു.