നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി 

നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി 

പേരാമ്പ്ര: നിപ രോഗബാധിതരെ പരിചരിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരണപ്പെട്ട പേരാമ്പ്രയിലെ നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ ഭീഷണിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സജീഷ് ജോലി ചെയ്യുന്ന കൂത്താളി പിഎച്ച്‌സിയിലേക്കായിരുന്നു മാര്‍ച്ച്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അനുകൂല മുദ്രാവാക്യം വിളിച്ചായിരുന്നു കോണ്‍ഗ്രസ് പ്രകടനം.

ജൂനിയര്‍ ഹെൽത്ത് ഇന്‍സ്‌പെക്ടര്‍ എ.എം മനുവിനു നേരെ കൈയ്യേറ്റമുണ്ടായി. കോവിഡ് നിരീക്ഷണത്തിലുള്ളയാളെ സന്ദര്‍ശിച്ച് വരുമ്പോഴായിരുന്നു മനുവിനെതിരായ കയ്യേറ്റം. സജീഷ് മുല്ലപ്പള്ളിക്കെതിരെ പ്രതികരിച്ചെന്ന് പറഞ്ഞായിരുന്നു പ്രവർത്തകർ സംഘടിച്ചെത്തിയത്.
ലിനിയുടെ മരണസമയത്ത് എംപിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ പരിസരത്തുപോലും കണ്ടില്ലെന്ന് സജീഷ് പ്രതികരിച്ചതാണ് കോണ്‍ഗ്രസ് പ്രവർത്തകരിൽ പ്രകോപനത്തിന് ഇടയാക്കിയത്.