നവവരന്‍ മരിച്ചു; വിവാഹ ചടങ്ങില്‍ പങ്കെടുത്ത 95 പേര്‍ക്ക് കോവിഡ് പോസിറ്റീവ് 

നവവരന്‍ മരിച്ചു; വിവാഹ ചടങ്ങില്‍ പങ്കെടുത്ത 95 പേര്‍ക്ക് കോവിഡ് പോസിറ്റീവ് 

പട്ന: ബിഹാറിലെ പാലിഗഞ്ജിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത 95-ഓളം പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. സോഫ്റ്റ്വെയർ എൻജിനീയറായ വരൻ  മരിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നിട്ടും കോവിഡ് പരിശോധന നടത്താതെ ഇയാളുടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

പട്നയിൽനിന്ന് അമ്പത് കിലോമീറ്റർ അകലെയാണ് പാലിഗഞ്ജ്. വരന്റെ മരണത്തെ തുടർന്നാണ് പട്നയിലെ ജില്ലാ അധികൃതരെ വിവരമറിയിച്ചത്. ആഘോഷ പരിപാടിയിൽ പങ്കെടുത്ത അടുത്ത ബന്ധുക്കളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ജൂൺ 15-ന് പതിനഞ്ച് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. തുടർന്ന് അധികൃതർ ചടങ്ങിൽ പങ്കെടുത്തവരുടെ പട്ടിക. തിങ്കളാഴ്ച 80 പേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.

ഗുരുഗ്രാമിൽനിന്ന് മേയ് 12-നാണ് മുപ്പതുകാരനായ വരൻ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്. ഇയാൾ കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടും വീട്ടുകാർ വിവാഹം മാറ്റി വയ്ക്കാൻ തയ്യാറായില്ല. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ആരോഗ്യനില വഷളായതിനെ പട്ന എയിംസ് ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മരണവിവരം ലഭിച്ചയുടനെ തന്നെ അധികൃതർ വിവാഹത്തിൽ പങ്കെടുത്ത എല്ലാവർക്കും കോവിഡ് പരിശോധന നടത്തി. 95 പേർക്ക് രോഗബാധ സ്ഥിരീകരിച്ചെങ്കിലും വധുവിന്റെ പരിശോധനാഫലം നെഗറ്റീവാണ്. വരന് രോഗലക്ഷണങ്ങളുണ്ടായിട്ടും വിവാഹം നടത്തിയതും ചടങ്ങിൽ 50 ലേറെ പേർ പങ്കെടുത്തതുമുൾപ്പെടെ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതായി അധികൃതർ വ്യക്തമാക്കി.