പാകിസ്താൻ ടീം ഇംഗ്ലണ്ടിലെത്തി; ക്വാറന്റീനിൽ പ്രവേശിച്ചു 

പാകിസ്താൻ ടീം ഇംഗ്ലണ്ടിലെത്തി; ക്വാറന്റീനിൽ പ്രവേശിച്ചു 

ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്താൻ ടീം മാഞ്ചസ്റ്ററിലെത്തി. 20 കളിക്കാരടക്കം 31 അംഗ സംഘമാണ് ഇംഗ്ലണ്ടിൽ വിമാനം ഇറങ്ങിയത്. സാമൂഹ്യ അകലം പാലിച്ചും മാസ്ക് ധരിച്ചുമാണ് താരങ്ങൾ വിമാനത്താവളത്തിൽ ഇറങ്ങി മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ടത്. ഇനി 14 ദിവസം ഇവർ ക്വാറൻ്റീനിലായിരിക്കും. ജൂലായ് 30നാണ് പര്യടനം ആരംഭിക്കുന്നത്.

രണ്ടാം പരിശോധനയിൽ കൊവിഡ് നെഗറ്റീവായ 6 താരങ്ങളടക്കം 10 പേരെ ഒഴിവാക്കിയാണ് പാകിസ്താൻ ടീം ഇംഗ്ലണ്ട് പര്യടത്തിന് എത്തിയത്. രണ്ടാം പരിശോധനയിൽ നെഗറ്റീവായ താരങ്ങൾ മൂന്നാം പരിശോധനയിലും നെഗറ്റീവാണെങ്കിൽ അവരും പര്യടനത്തിനായി ഇംഗ്ലണ്ടിൽ എത്തും.സ്വകാര്യമായി പരിശോധിച്ച് താൻ കൊവിഡ് നെഗറ്റീവാണെന്ന് വെളിപ്പെടുത്തിയ മുഹമ്മദ് ഹഫീസ് ഉൾപ്പെടെയുള്ളവരുടെ രണ്ടാം ഔദ്യോഗിക ടെസ്റ്റ് റിസൽട്ടാണ് നെഗറ്റീവായത്. നേരത്തെ, ഹഫീസിൻ്റെ ആദ്യ സാമ്പിൾ വീണ്ടും പരിശോധിച്ച് അത് പോസിറ്റീവാണെന്ന് കണ്ടെത്തിയെന്നും താരം കൊവിഡ് ബാധിതനാണെന്നും അവകാശപ്പെട്ട പിസിബി പിന്നീട് ഹഫീസ് ഉൾപ്പെടെയുള്ളവരുടെ രണ്ടാം ടെസ്റ്റ് റിസൽട്ട് നെഗറ്റീവാണെന്ന് വ്യക്തമാക്കിയിരുന്നു.
ഹഫീസിനൊപ്പം ഫഖര്‍ സമന്‍, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് റിസ്‌വാന്‍, ഷദബ് ഖാന്‍, വഹാബ് റിയാസ് എന്നിവരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ഹൈദര്‍ അലി, ഹാരിഫ് റൗഫ്, കാശിഫ് ഭട്ടി, ഇമ്രാന്‍ ഖാന്‍, മലാങ് അലി എന്നിവരുടെ രണ്ടാം പരിശോധനാഫലവും പോസിറ്റീവായി. ജൂലായ് 30നാണ് പാകിസ്താൻ്റെ ഇംഗ്ലീഷ് പര്യടനം ആരംഭിക്കുക. മൂന്ന് ടെസ്റ്റുകളും മൂന്ന് ടി-20കളും അടങ്ങുന്ന പര്യടനം സെപ്തംബർ 2ന് അവസാനിക്കും. ജൂലായ് എട്ട് മുതൽ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിൽ പര്യടനം നടത്തും. വിൻഡീസ് താരങ്ങൾ പര്യടനത്തിനായി ഇംഗ്ലണ്ടിൽ എത്തിയിട്ടുണ്ട്. മൂന്ന് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പര ജൂലായ് 28 ന് അവസാനിക്കും.