നിര്‍ധനരായ പ്രവാസി മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കും: കെ കെ ഉസ്മാന്‍

ഖത്തറിലെ നിര്‍ധനരായ പ്രവാസി മലയാളികളെ ഖത്തര്‍ ഇന്‍കാസിന്റെ നേതൃത്വത്തില്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍ പറഞ്ഞു. കെപിസിസി എക്‌സിക്യൂട്ടീവംഗം അഡ്വ ഐ മൂസയുടെ സൗജന്യ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ പുതുപ്പണം മേഖലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവിനെ പരിഹസിക്കാന്‍ തന്നെ കരുവാക്കുന്ന സര്‍ക്കാര്‍ പിആര്‍ ഏജന്റുമാര്‍ക്ക് ഇത്തരത്തിലൊരു യാത്രക്കാരനെ പോലും സൗജന്യമായി നാട്ടിലെത്തിക്കാനായോ എന്നും അദ്ദേഹം ചോദിച്ചു. ചടങ്ങില്‍ നെല്ലാടത്ത് രാഘവന്‍ അധ്യക്ഷത വഹിച്ചു. അഡ്വ ഐ.മൂസ, ശശിധരന്‍ കരിമ്പനപ്പാലം, കൗണ്‍സിലര്‍ കെ പി സമീറ, ആസിഫ് കുന്നത്ത്, പി കെ പ്രീത, പി കെ വൃന്ദ, സഹീര്‍ കാന്തിലാട്ട്, ഷാനവാസ് ബക്കര്‍, എ ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിരഞ്ജന ജയദാസ് നന്ദി പറഞ്ഞു.