ലയണൽ മെസ്സിക്ക്‌ ഇന്ന് 33-ാം പിറന്നാൾ

ലയണൽ മെസ്സിക്ക്‌ ഇന്ന് 33-ാം പിറന്നാൾ

 അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ഇന്ന്  33-ാം പിറന്നാള്‍. ഫുട്‌ബോളില്‍ സമാനതകളില്ലാത്ത നേട്ടങ്ങളുമായി കുതിക്കുന്ന മെസ്സിക്ക് ലോകമെങ്ങുനിന്നും ആരാധകരും കളിക്കാരുമെല്ലാം ആശംസയേകി. 1987 ജൂണ്‍ 24നായിരുന്നു മെസ്സിയുടെ ജനനം. ചെറുപ്രായത്തില്‍ തന്നെ ലോകശ്രദ്ധ നേടിയ മെസ്സി 15 വര്‍ഷത്തിലേറെയായി പ്രൊഫഷണല്‍ ഫുട്‌ബോളില്‍ തിളങ്ങുകയാണ്.

ഫുട്‌ബോള്‍ കരിയറില്‍ മറ്റൊരു കളിക്കാരനും എത്തിപ്പിടിക്കാനാകാത്ത നേട്ടങ്ങളാണ് മെസ്സി ഇതുവരെയായി സ്വന്തമാക്കിയിട്ടുള്ളത്. 2003 നവംബര്‍ 16ന് തന്റെ പതിനേഴാം വയസില്‍ ബാഴ്‌സലോണ സീനിയര്‍ ടീമിനുവേണ്ടി അരങ്ങേറി. ഇതിനകം തന്നെ 10 ലാ ലീഗ കിരീടങ്ങള്‍, നാലു തവണ ചാമ്പ്യന്‍സ് ലീഗ്, 6 തവണ കോപ്പ ഡെല്‍ റേ, 3 തവണ ക്ലബ്ബ് ലോകകപ്പ്, 3 തവണ യൂറോപ്യന്‍ സൂപ്പര്‍ കപ്പ് എന്നിവ മെസ്സിയുടെ മികവില്‍ ബാഴ്‌സലോണ സ്വന്തമാക്കി.2005 ഓഗസ്റ്റ് പതിനേഴിന് ഹംഗറിക്കെതിരെ കളിച്ചുകൊണ്ടുകൊണ്ടാണ് അര്‍ജന്റീനയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ തന്നെ ചുവപ്പുകാര്‍ഡ് കിട്ടിയെങ്കിലും ദേശീയ ടീമിനായി മെസ്സി പ്രോജ്വലമായ കരിയര്‍ കാഴ്ചവെച്ചു. അര്‍ജന്റീനയ്ക്കായി ആകെ 138 കളികളില്‍ നിന്നും 70 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ടുതവണ അര്‍ജന്റീനയെ കോപ്പ അമേരിക്ക ഫൈനലിലെത്തിച്ചതും 2014 ഫിഫ ലോകകപ്പില്‍ ടീം ഫൈനലിലെത്തിയതും മെസ്സിയുടെ മികവുകൊണ്ടാണ്. ബാഴ്‌സലോണയ്ക്കായി ഇതുവരെ 722 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. 629 ഗോളുകളും നേടി.