കൊയിലാണ്ടിയിൽ പോക്‌സോ കോടതി ജൂലായ് ഒന്നുമുതൽ പ്രവർത്തനമാരംഭിക്കും

കൊയിലാണ്ടിയിൽ പോക്‌സോ കോടതി ജൂലായ് ഒന്നുമുതൽ പ്രവർത്തനമാരംഭിക്കും

കൊയിലാണ്ടി : കൊയിലാണ്ടിയിൽ അനുവദിച്ച പോക്സോ കോടതി ജൂലായ് ഒന്നിന് പ്രവർത്തനമാരംഭിക്കും. ജില്ലാ കോടതിയുടെ പദവിയുള്ളതാണ് ഇത്. സംസ്ഥാനത്താകെ 28 പോക്സോ കോടതികളാണ് പുതുതായി അനുവദിച്ചത്.കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങളാണ് പോക്സോ കോടതിയിൽ വിചാരണചെയ്യുക. 

കോഴിക്കോട് ജില്ലയ്ക്കായി അനുവദിച്ച രണ്ടെണ്ണത്തിൽ ഒന്നാണ് കൊയിലാണ്ടിയിൽ പ്രവർത്തനം തുടങ്ങുന്നത്. മറ്റൊന്ന് കോഴിക്കോട് ജില്ലാകോടതി കോംപ്ലക്സിലാണ് പ്രവർത്തനമാരംഭിക്കുക. നിലവിൽ സബ്‌കോടതി, ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, മുൻസിഫ് കോടതി എന്നിവയ്ക്ക് പുറമെ എം.എ.സി.ടി. ക്യാമ്പ് സിറ്റിങ്ങും കൊയിലാണ്ടിയിൽ ഉണ്ട്. പോക്സോ കോടതി കൂടിവരുന്നത് കൊയിലാണ്ടി കോടതി വികസനത്തിന് ഗുണം ചെയ്യും.

കൊയിലാണ്ടി കോടതിവളപ്പിൽ എം.എൽ.എ. ഫണ്ടുപയോഗിച്ച് നിർമിച്ച തെക്കുഭാഗത്തുള്ള കെട്ടിടത്തിലെ ഒന്നാംനിലയിലാണ് പോക്സോ കോടതി പ്രവർത്തിക്കുക. കോടതിയിലേക്ക് ആവശ്യമായ ജീവനക്കാരുടെ ക്രമീകരണം പൂർത്തിയായിട്ടുണ്ട്. അഡീഷണൽ ജില്ലാജഡ്ജ്, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ ഏഴ് തസ്തികകളാണ് പുതുതായി അനുവദിച്ചത്.