പൊട്ടക്കിണറ്റിൽ പട്ടിണിയില്ലാതെ കഴിഞ്ഞത് മൂന്ന് വർഷം; അന്നദാതാവിന്‍റെ മരണത്തോടെ കൈസർ കിണറ്റിന് പുറത്തേക്ക്

പൊട്ടക്കിണറ്റിൽ പട്ടിണിയില്ലാതെ കഴിഞ്ഞത് മൂന്ന് വർഷം; അന്നദാതാവിന്‍റെ മരണത്തോടെ കൈസർ കിണറ്റിന് പുറത്തേക്ക്

കാ​സ​ർ​കോ​ട്: കാൽവഴുതി വീ​ണ നായ പൊ​ട്ട​ക്കി​ണ​റ്റി​ൽ ക​ഴി​ഞ്ഞ​ത്​ മൂ​ന്നു​വ​ർ​ഷം. കിണറ്റിനുള്ളിൽ ചാവും എന്ന് ക​രു​തി എ​ല്ലാ​വ​രും ഉ​പേ​ക്ഷി​ച്ച കൈസർ എന്ന നായ കി​ണ​റ്റി​ന​ടി​യി​ലെ ചെ​റു​ഗു​ഹ വാ​സ​സ്​​ഥ​ല​മാ​ക്കി ​മൂന്ന് വർഷം ജീവിച്ചു. ​പക്ഷെ കിണറ്റിനുള്ളിൽ പോലും അവൻ പട്ടിണികിടക്കേണ്ടി വന്നില്ല. 

എ​ന്നും രാ​ത്രി കൈ​സ​റി​നാ​യി താ​ഴേ​ക്ക്​  ഇ​റ​ച്ചി​ക്ക​ഷ​ണ​ങ്ങ​ളും എ​ല്ലും മീ​നും  ചി​ല​പ്പോ​ൾ ബി​രി​യാ​ണി​യും ഉൾപ്പടെ എ​ത്തും. അതും കഴിച്ചു​ ഗു​ഹ​ക്ക​ക​ത്ത്​ കി​ട​ന്നു​റ​ങ്ങും. ഒരു കുഴപ്പവുമില്ലാതെ കി​ണ​റ്റി​ൽ മൂന്ന് വർഷം ക​ഴി​ഞ്ഞു. ഒടുവിൽ അന്നം നൽകി ജീവൻ നിലനിർത്തിയയാളിന്റെ മരണത്തോടെ അവൻ കിണറ്റിൽ നിന്ന് പുറത്തേക്ക്.

കാ​ഞ്ഞ​ങ്ങാ​ട്​ കൂ​ളി​യ​ങ്കാ​ലി​ലെ ഓട്ടോ ഡ്രൈ​വ​ർ അ​ബൂ​ബ​ക്ക​റി​​ന്റെ വീ​ടി​ന്​ അമ്പത് മീ​റ്റ​ർ ദൂ​രെ​യു​ള്ള പൊ​ട്ട​ക്കി​ണ​റ്റി​ലാ​ണ്​ കൈ​സ​ർ മൂ​ന്നു​വ​ർ​ഷം മു​മ്പ്​ കാ​ലു​തെ​റ്റി വീ​ണ​ത്. കി​ണ​റ്റി​ൽ​നി​ന്നും ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ ശ​ബ്​​ദം​കേ​ട്ട അ​ബൂ​ബ​ക്ക​ർ ചെ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ്​ വെ​ളു​ത്ത്​ സു​ന്ദ​ര​നാ​യ നാ​യ്​​ക്കു​ട്ടി​യെ​ ക​ണ്ട​ത്. 

തുടർന്ന് അ​ഗ്​​നി​ര​ക്ഷാ​​സേ​ന​യി​ലെ പ​രി​ച​യ​ക്കാ​രെ വി​ളി​ച്ച്​ നാ​യ്​​ക്കു​ട്ടി​യെ പുറത്തെടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ‘അ​തി​ന്​ വ​കു​പ്പി​ല്ല’ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പലരോടും​ സ​ഹാ​യം ആവശ്യപ്പെട്ടെങ്കിലും ‘പൊ​ട്ട​ക്കി​ണ​റ​ല്ലേ അ​വി​ടെ കി​ട​ന്ന്​ ചാവട്ടെ എന്നായിരുന്നു മറുപടി.  നിസ്സഹായനായ 64 കാ​ര​ൻ അ​ബൂ​ബ​ക്ക​റി​ന്​ നാ​യ്​​ക്കു​ട്ടി​യെ മു​ക​ളി​ലെ​ത്തി​​ക്കാ​ൻ വേറെ വഴി ഉണ്ടായിരുന്നില്ല.

ഏന്നാൽ പന്ത്രണ്ട് പൂ​ച്ച​ക​ൾ​ക്ക്​ ദി​വ​സ​വും ഭക്ഷണം ​ന​ൽ​കി​ക്കൊ​ണ്ടി​രു​ന്ന അ​ബൂ​ബ​ക്ക​റി​ന്​ നാ​യ്​​ക്കു​ട്ടി ഒരു ഭാരമായിരുന്നില്ല. ഓട്ടം കഴിഞ്ഞു വരുമ്പോഴേക്കും വീ​ട്ടി​ലെ ആ​റു പൂ​ച്ച​ക​ളും പ​രി​സ​ര​ത്തെ വേ​റെ ആ​റ്​ പൂ​ച്ച​ക​ളും അ​ബൂ​ബ​ക്ക​റി​നെ കാ​ത്തി​രി​ക്കും. 

ഹ​മീ​ദ്​ കൂ​ളി​യ​ങ്കാ​ലിന്റെ ഫാ​സ്​​റ്റ്​​​ഫു​ഡ്​ ക​ട​യി​ൽ മി​ച്ചം​ വ​രു​ന്ന ഭ​ക്ഷ​ണ​വുമായി രാ​ത്രി പന്ത്രണ്ട് മ​ണി​യോ​ടെ അ​ബൂ​ബ​ക്ക​ർ വീ​ട്ടി​ലെ​ത്തും. പൂ​ച്ച​ക​ൾ​ക്ക്​  ഭ​ക്ഷ​ണം ന​ൽ​കിയ സേഷം ഒ​രു ചെ​റു​പൊ​തി​യു​മാ​യി നേ​രെ കി​ണ​റി​ന​ടു​ത്തേ​ക്ക്. കൈ​സ​ർ എ​ന്ന​ത്​ അ​ബൂ​ബ​ക്ക​റി​ട്ട പേ​രാ​ണ്.  മ​ക്ക​ളി​ല്ലാ​തി​രു​ന്ന അ​ബൂ​ബ​ക്ക​റി​​ന്റെ കാരുണ്യം കൈസറിന് ജീവൻ നൽകി.

അ​തി​നി​ടെ അ​ബൂ​ബ​ക്ക​റി​ന്​ വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖം ബാ​ധി​ച്ച്​ വിവിധ ആ​ശു​പ​ത്രി​കളിൽ ചി​കി​ത്സ തേ​ടി. ഈ ​സ​മ​യ​ങ്ങ​ളി​ൽ ഭാ​ര്യ റാ​ബി​യ​യാ​ണ്​ നാ​യ്​​ക്ക്​ ഭ​ക്ഷ​ണം  കൊ​ടു​ത്തു​കൊ​ണ്ടി​രു​ന്ന​ത്. 

എ​ന്നാ​ൽ, അ​സു​ഖം ഭേ​ദ​മാ​കാ​തെ ര​ണ്ടാ​ഴ്​​ച മു​മ്പ്​ അ​ബൂ​ബ​ക്ക​ർ മരണത്തിന് കീഴടങ്ങി. ഇതോടെ ഭാ​ര്യ റാ​ബി​യ ത​റ​വാ​ട്ടു വീ​ട്ടി​ലേ​ക്ക്​ പോ​യി. തു​ട​ർ​ന്ന്,​​ ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ഷ​ക​നും  പാ​ച​ക​ക്കാ​ര​നു​മാ​യ നൗ​ഷാ​ദി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ പ​ട്ടി​ണി​യാ​ൽ അ​വ​ശ​നാ​യ നാ​​യെ കി​ണ​റ്റി​ൽ നി​ന്നും പുറത്തെത്തിക്കുകയായിരുന്നു.