സ്വർണവായ്പ സബ്സിഡി; ബാങ്കുകളിൽ വൻതിരക്ക്

സ്വർണവായ്പ സബ്സിഡി; ബാങ്കുകളിൽ വൻതിരക്ക്
വട്ടോളി കനറാ ബാങ്കിൽ സ്വർണപ്പണയ കാർഷിക വായ്പ പുതുക്കാനെത്തിയവരുടെ തിരക്ക്

കക്കട്ടിൽ: സബ്സിഡിയോട് കൂടി സ്വർണപ്പണയ വായ്പയെടുത്തവർ കൂട്ടമായി തിങ്കളാഴ്ച ബാങ്കുകളിലെത്തി. സബ്സിഡി കാലാവധി ജൂൺ 30- ന് അവസാനിക്കുന്നതിനാലാണ് ക്വാറൻറീനിൽ കഴിയുന്ന ആളുകളുടെ ബന്ധുക്കൾ ഉൾപ്പെടെ കൂട്ടമായെത്തിയത്. എന്നാൽ ബാങ്കുകൾ ഇതിനാവശ്യമായ ക്രമീകരണങ്ങൾ നടത്താത്തതിനാൽ ആളുകൾ ബാങ്കിനുള്ളിലേക്ക് ഇരച്ചുകയറിയത് ആശങ്കയുണ്ടാക്കി.

വട്ടോളി കനറാബാങ്കിൽ അറുപത് വയസ്സ് കഴിഞ്ഞ വരുൾപ്പെടെ സാമൂഹികഅകലം പാലിക്കാതെയാണ് വായ്പ പുതുക്കാനും പണമടച്ച് സ്വർണം തിരികെയെടുക്കാനുമായി കാത്തിരുന്നത്. മാനേജരും, ജീവനക്കാരും നിരന്തരം ആവശ്യപ്പെട്ടിട്ടും സാമൂഹിക അകലം പാലിക്കാൻ ആളുകൾ തയ്യാറായില്ല.

ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സി.പി. സജിതയും ആർ.ആർ. ടി. അംഗം മുഹമ്മദ് കക്കട്ടിലടക്കമുള്ളവരും ഇടപെട്ടാണ് ബാങ്കിനുള്ളിൽനിന്ന്‌ ഇടപാടുകാരെ പുറത്തിറക്കിയത്. മറ്റ് ബാങ്കുകളിലും സമാനമായ സ്ഥിതി തന്നെയായിരുന്നു. ക്വാറൻറിനിൽ കഴിയുന്നവരുടെയും ബന്ധുക്കളുടെയും വായ്പ പുതുക്കാൻ സാവകാശം നൽകണമെന്ന ആവശ്യം ശക്തമാണ്.