ഗുരുവായൂരിലെ ലോഡ്ജില്‍ യുവതി പ്രസവിച്ച ഇരട്ട കുഞ്ഞുങ്ങൾ മരിച്ചു; കൂടെ താമസിച്ച യുവാവിന്റെ പേരില്‍ കേസ്

ഗുരുവായൂരിലെ ലോഡ്ജില്‍ യുവതി പ്രസവിച്ച ഇരട്ട കുഞ്ഞുങ്ങൾ മരിച്ചു; കൂടെ താമസിച്ച യുവാവിന്റെ പേരില്‍ കേസ്

ഗുരുവായൂര്‍: ലോഡ്ജില്‍ സുഹൃത്തിനൊപ്പം മുറിയെടുത്ത ഏഴുമാസം ഗര്‍ഭിണിയായ സ്ത്രീ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. രണ്ടുപേരും മരിച്ചു. സംഭവത്തിൽ കൂടെ താമസിച്ച യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.

എറണാകുളം സ്വദേശിയായ മനോജ്കൃഷ്ണനും (41) തൃശ്ശൂര്‍ കൊടകര സ്വദേശിനിയായ മുപ്പത്തിനാലുകാരിയുമാണ് ലോഡ്ജില്‍ മുറിയെടുത്തത്. നാലു ദിവസം മുമ്പാണ് ഇവര്‍ ഗുരുവായൂരിലെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ സ്ത്രീയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു.

ഉടന്‍ ആക്ട്സിന്റെ ആംബുലന്‍സ് വിളിച്ചു. എന്നാൽ ആശുപത്രിയിലേക്ക് പുറപ്പെടുന്നതിനിടയില്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു. അൽപ്പ സമയത്തിന് ശേഷം രണ്ടാമത്തെ കുഞ്ഞിനെയും പ്രസവിച്ചു. രണ്ടും പെണ്‍കുഞ്ഞുങ്ങളായിരുന്നു.

മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഗര്‍ഭാവസ്ഥയിലിരിക്കെയാണ് കുഞ്ഞുങ്ങള്‍ മരിച്ചിട്ടുള്ളതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു. മനോജ് കൃഷ്ണനും യുവതിയും ഒരുമിച്ചാണ് താമസം. എന്നാൽ ഇരുവര്‍ക്കും വേറെ പങ്കാളികളും കുട്ടികളുമുണ്ട്.