ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് ഇന്ന് 105 -ാം പിറന്നാള്‍

ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് ഇന്ന് 105 -ാം പിറന്നാള്‍

ഥകളിയുടെ കുലപതിയെന്നു വിശേഷിപ്പിക്കാവുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് ഇന്ന് 105 -ാം പിറന്നാള്‍. കഥകളിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കുഞ്ഞിരാമൻ നായർ ഇപ്പോഴും കലാരംഗത്ത്‌ സജീവമാണ്. പ്രായം തന്നിലെ കഥകളി നടന് യാതൊരുവിധ ക്ഷീണവും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
1916 ൽ കോഴിക്കോടാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായർ ജനിച്ചത്. കുട്ടിക്കാലം മുതല്‍ കലയിൽ തല്പരനായ കുഞ്ഞിരാമന്‍ നായർ 15-ാം വയസ്സില്‍ ഗുരു കരുണാകരമേനോന്റെ ശിഷ്യത്വം സ്വീകരിച്ചു. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ കൃഷ്ണവേഷം കഥകളിയില്‍ വിശ്വവിഖ്യാതി നേടി. കഥകളി പഠനം ആരംഭിക്കുന്നതിനു മുമ്പ് ഭരത ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചു. കേന്ദ്ര സംസ്ഥാന അക്കാദമി അവാര്‍ഡുകളും മറ്റു നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നിരവധി ശിഷ്യ പരമ്പരയുള്ള ചേമഞ്ചേരിയെ രാജ്യം പത്മ പുരസ്‌കാരം നല്‍കിയും ആദരിച്ചു. പതിനഞ്ചാം വയസ്സു മുതൽ നാട്യത്തിന്റെയും നൃത്തത്തിന്റെയും വേദിയിൽ നിറഞ്ഞുനിന്ന ആചാര്യന് ജന്മനക്ഷത്ര പ്രകാരം മിഥുനമാസത്തിലെ കാർത്തിക നാളിലാണ് പിറന്നാൾ. രണ്ടു കൊല്ലം മുമ്പ്‌ തുടർച്ചയായി വീണതിനാൽ കുറച്ചു കാലമായി ഗുരു വീൽചെയറിലാണ്. എങ്കിലും ദിനചര്യകൾക്കൊന്നും മാറ്റമില്ല. മകൻ പവിത്രനും മരുമകൾ നളിനിയും പേരക്കുട്ടികളും ഒപ്പമുണ്ട്.  നൂറ്റഞ്ചാം പിറന്നാൾ നാടിന്റെ ഉത്സവമാക്കി മാറ്റാൻ ഒരു വർഷം മുമ്പുതന്നെ ഗുരുവിന്റെ പ്രിയപ്പെട്ടവരെല്ലാം തിരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് എല്ലാം മാറ്റിമറിച്ചു. ഗുരുവിന്റെ ജീവിതത്തിന്റെ ഭാഗമായ ചേലിയ കഥകളി വിദ്യാലയം അടഞ്ഞുകിടക്കുന്നു. വർഷങ്ങളായി തുടർന്നുവരുന്ന പിറന്നാൾ ദിനത്തിലെ തറവാട്ടു ക്ഷേത്ര സന്ദർശനം നടക്കില്ലെങ്കിലും പിറന്നാൾ ദിനം കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച്‌ വീട്ടിൽ ചെറിയ തോതിൽ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കുടുംബാംഗങ്ങൾ.