ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 2572 ആയി

ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 2572 ആയി

യു എ ഇ: അമ്പത്തിയഞ്ച്‌ പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ ഗൾഫിൽ കോവിഡ് ബാധിത മരണസംഖ്യ 2,572 ആയി ഉയർന്നു. 7,386 പേർക്കാണ് പുതുതായി കോവിഡ് ബാധയേറ്റത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷത്തി മുപ്പത്തി രണ്ടായിരം കവിഞ്ഞു. സൗദി അറേബ്യയിൽ ഇരുപത്തിനാലു മണിക്കൂറിനിടയിൽ നാല്പത് പേർ മരിച്ചു. ബഹ്റൈനിൽ അഞ്ചും ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ നാലു വീതവുമാണ് മരണം. യു.എ.ഇയിൽ രണ്ട് മരണമാണ് രേഖപ്പെടുത്തിയത്.

സൗദിയിൽ 3989 ആണ് പുതിയ കേസുകളുടെ എണ്ണം. സൗദിയെ മാറ്റി നിർത്തിയാൽ ഒമാനിൽ മാത്രമാണ് രോഗികളുടെ എണ്ണം ആയിരം കടന്നത്. യു.എ.ഇയിൽ 437 മാത്രമാണ് പുതിയ കേസുകൾ. ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ മിക്ക ഗൾഫ് രാജ്യങ്ങളിലും സാധാരണ ജീവിതം സജീവമായി. എന്നാൽ മുൻകരുതൽ നടപടികൾ പാലിച്ചില്ലെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിവിധ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി.

യു.എ.ഇയിലേക്ക് പുറം രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കി. ജൂലൈ ഒന്നുമുതലാണ് ഇത് പ്രാബല്യത്തിൽ വരിക. യാത്ര പുറപ്പെടുന്നതിന്റെ 72 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് റിപ്പോർട്ടാണ് വേണ്ടത്.സൗദിയില്‍ ആശ്രിത വിസയിലുള്ളവര്‍ രാജ്യത്തിന് പുറത്താണെങ്കിലും കുടുംബനാഥന് താമസ രേഖ പുതുക്കുന്നതിനുള്ള അനുമതി പ്രാബല്യത്തിലായി.