ദുരന്തനിവാരണം; യുവാക്കള്‍ക്ക് റസ്‌ക്യൂ ഉപകരണങ്ങളും പരിശീലനവും ലഭ്യമാക്കണം; പാറക്കല്‍ അബ്ദുല്ല എംഎല്‍എ

ദുരന്തനിവാരണം; യുവാക്കള്‍ക്ക് റസ്‌ക്യൂ ഉപകരണങ്ങളും പരിശീലനവും ലഭ്യമാക്കണം; പാറക്കല്‍ അബ്ദുല്ല എംഎല്‍എ

വടകര: മാറിയ കാലാവസ്ഥയില്‍ കേരളം പ്രളയമുള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള സംസ്ഥാനമായതിനാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധരായ യുവാക്കള്‍ക്ക് റസ്‌ക്യൂ ഉപകരണങ്ങളും മികച്ച പരിശീലനവും ലഭ്യമാക്കണമെന്നു പാറക്കല്‍ അബ്ദുല്ല എംഎല്‍എ. 

ഖത്തര്‍ കെഎംസിസി മണ്ഡലം കമ്മിറ്റി നല്‍കിയ ഒരു ലക്ഷം രൂപയുടെ റസ്‌ക്യൂ ഉപകരണങ്ങള്‍ വൈറ്റ്ഗാര്‍ഡ് കുറ്റിയാടി മണ്ഡലം ടീമിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് പ്രളയകാലത്തും കേരളത്തിലങ്ങോളമിങ്ങോളം വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍മാര്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നുവെന്നും വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍മാരുടെ സേവനം ഈ രംഗത്ത് ഏറെ പ്രശംസനീയമാണെന്നും എംഎല്‍എ പറഞ്ഞു.

ലീഗ് മണ്ഡലം സെക്രട്ടറി കെ.ടി.അബ്ദുറഹ്മാന്‍ റെസ്‌ക്യൂ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എം പി ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. പി പി റഷീദ്, സാദിഖ് മണിയൂര്‍, എം എം മുഹമ്മദ്, മന്‍സൂര്‍ എടവലത്ത്, ജൈസല്‍ കുറ്റിയാടി, ഷഫീഖ് കടമേരി, തന്‍വീര്‍ കെ വി തുടങ്ങിയവര്‍ സംബന്ധിച്ചു. എഫ് എം മുനീര്‍ സ്വാഗതവും എ പി മുനീര്‍ നന്ദിയും പറഞ്ഞു