മുടി ഇനി വളമാകും; കടകളും കമ്പനിയുമായി ധാരണയിലെത്തി 

മുടി ഇനി വളമാകും; കടകളും കമ്പനിയുമായി ധാരണയിലെത്തി 

കോട്ടയം: ബാർബർ ഷോപ്പുകളിലെ മുടി സംസ്കരിക്കാൻ പുതിയ വഴി സാധ്യമായി. മുടി വളമാക്കിമാറ്റുന്നതിന് കടയുടമകളുടെ സംഘടനയും ഒരു കമ്പനിയും ധാരണയിലെത്തി. ഇവർ മുടി ശേഖരിച്ച് വളമാക്കിമാറ്റും. കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ തിരൂരങ്ങാടിയിലെ ഒരു സ്ഥാപനവുമായാണ് കരാർ ഒപ്പിട്ടത്. ഒരു വർഷംമുമ്പ് ധാരണയായിരുന്നെങ്കിലും ഇപ്പോഴാണ് പ്രവർത്തനം പൂർണതോതിലേക്ക് പോകുന്നത്.

സംഘടനയിൽ 30,000 ബാർബർ-ബ്യൂട്ടീഷ്യൻ ജീവനക്കാരാണുള്ളത്. കമ്പനി ഓരോ സ്ഥാപനത്തിലേക്കും സഞ്ചി നൽകും. ഇതിൽ മുടി ശേഖരിച്ചുവെക്കണം. കൈയുറ ധരിച്ചുവേണം ചെയ്യാൻ. സുരക്ഷാമാർഗനിർദേശവും നൽകിയിട്ടുണ്ട്. ഒരു ജില്ലയിൽ ഒരു ടോറസിൽ കൊള്ളാവുന്നത്ര മുടിയാകുമ്പോൾ കമ്പനി അത് കൊണ്ടുപോകും. മുടി സംസ്കരിച്ചുണ്ടാക്കിയ വളം തെങ്ങ്, പച്ചക്കറി എന്നിവയ്ക്ക് ഉപയോഗിച്ചുനോക്കിയെന്നും ഗുണമുണ്ടെന്നും കരാറുകാരായ തിരൂരങ്ങാടി മൈക്രോബ്സ് അധികൃതർ പറഞ്ഞു.

സംസ്കരിക്കുന്ന മുടിയുടെ അത്രയും വളം കിട്ടും. ദ്രവരൂപത്തിലും പൊടിയായും വളം മാറ്റാം. കടകളിലെ കസേരകളുടെ എണ്ണപ്രകാരമാണ് തുക നിശ്ചയിച്ചതെന്ന് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എൻ. ശശികുമാർ പറഞ്ഞു. ഒരു കസേരയുള്ളിടത്ത് 150 രൂപ മാസം കമ്പനിക്ക് നൽകണം. നേരത്തേ കിലോഗ്രാമിന് മുപ്പത് രൂപ നിരക്കിൽ മുടി സംസ്കരിക്കാൻ ഏജൻസികൾ കൊണ്ടുപോയിരുന്നു. പക്ഷേ, പലപ്പോഴും ഇവ പൊതുസ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.

ബാർബർ-ബ്യൂട്ടീഷ്യൻ സംഘടനയ്ക്ക് കേരളാ കാർഷിക സർവകലാശാല മുമ്പ് മുടി വളമാക്കാൻ സാങ്കേതികവിദ്യയും പരിശീലനവും നൽകിയിരുന്നു. എന്നാൽ സാമ്പത്തികപ്രയാസം കാരണം ഇതിനുള്ള ഉപകരണങ്ങൾ സജ്ജമാക്കാൻ സംഘടനയ്ക്ക്‌ കഴിഞ്ഞില്ല.