മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും ജയിലിലായി 

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും ജയിലിലായി 


വടകര: ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും ജയിലിലായി. മീത്തലെ മുക്കാളി പിലാക്കണ്ടി ഷീബ(44), കാമുകന്‍ കണ്ണൂര്‍ വടക്കുമ്പാട് സുജിത്ത് (48) എന്നിവരെയാണ് ബന്ധുക്കളുടെ പരാതിപ്രകാരം ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും കോടതി രണ്ടാഴ്ച റിമാന്റ് ചെയ്തു.
17, 13 വയസുള്ള രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് ഷീബ. കാമുകന്‍ സുജിത്തിന് മൂന്നും അഞ്ചും വയസുള്ള മക്കളുണ്ട്. മാഹി മൂലക്കടവില്‍ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന ഷീബയും ബസ് ഡ്രൈവറായ സുജിത്തും ദിവസങ്ങള്‍ക്കു മുമ്പാണ് ഒളിച്ചോടി വിവാഹിതരായത്. ഇതു സംബന്ധിച്ചു ഷീബയുടെ വീട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് ചോമ്പാല പോലീസ് കേസെടുത്തത്. പോലീസ് നിര്‍ദേശിച്ചതുപ്രകാരം സ്റ്റേഷനിലെത്തിയ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട്പ്രകാരം മക്കളെ സംരക്ഷിക്കാതെ പോയതിനാണ് ഷീബയുടെ പേരില്‍ പോലീസ് കേസെടുത്തത്. സുജിത്തിന്റെ പേരില്‍ പ്രേരണാകുറ്റവും ചുമത്തി.