BREAKING NEWS
dateMON 20 MAY, 2024, 10:46 AM IST
dateMON 20 MAY, 2024, 10:46 AM IST
back
Homeregional
regional
Aswani Neenu
Thu May 02, 2024 11:23 AM IST
98 പേരില്‍ വിജയിച്ചത് 16 പേര്‍ മാത്രം; ഡ്രൈവിങ് ടെസ്റ്റ് ഇനി എളുപ്പമാകില്ല
NewsImage

കൊച്ചി: ടെസ്റ്റ് നിബന്ധനകളില്‍ ഇളവുനല്‍കി പരമാവധിപേരെ വിജയിപ്പിച്ച വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെക്കൊണ്ട് വീണ്ടും ഡ്രൈവിങ് ടെസ്റ്റ് നടത്തിച്ചപ്പോള്‍ വിജയശതമാനം കുത്തനെ ഇടിഞ്ഞു. ദിവസം 100 ടെസ്റ്റുവരെ നടത്തി ലൈസന്‍സ് നല്‍കിയ 15 ഉദ്യോഗസ്ഥരെ നിയോഗിച്ച് നടത്തിയ പരിശോധനയില്‍ 98 അപേക്ഷകരില്‍ 18 പേര്‍ മാത്രമാണ് വിജയിച്ചത്.

ഉദ്യോഗസ്ഥര്‍ നേരത്തേ നടത്തിയ ടെസ്റ്റുകളില്‍ വീഴ്ച സംഭവിച്ചെന്നാണ് നിഗമനം. റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായേക്കും. ഒരു ഇന്‍സ്പെക്ടര്‍ ദിവസം 60 ഡ്രൈവിങ് ടെസ്റ്റില്‍ കൂടുതല്‍ നടത്തരുതെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവ്. ഇത് ലംഘിച്ച് കൂടുതല്‍ ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥരാണ് കുടുങ്ങിയത്.

ഇവരെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി മുട്ടത്തറയിലെ ടെസ്റ്റിങ്ങിന് നിയോഗിക്കുകയായിരുന്നു. ഇവരെ നിരീക്ഷിക്കാന്‍ മറ്റു ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. നാലുചക്ര വാഹനങ്ങള്‍ക്കുള്ള എച്ച് ടെസ്റ്റില്‍ തിങ്കളാഴ്ച എത്തിയവരില്‍ ഭൂരിഭാഗംപേരും ജയിച്ചു. എന്നാല്‍, റോഡ് ടെസ്റ്റ് കര്‍ശനമാക്കിയതോടെ പരാജയനിരക്ക് കൂടി. 10-12 മിനിറ്റാണ് റോഡ്‌ടെസ്റ്റിന് എടുത്തത്. ടെസ്റ്റ് പൂര്‍ണമായും ചിത്രീകരിക്കുകയും ചെയ്തു.

കൂടുതല്‍ ഉദ്യോഗസ്ഥരെ കണ്ട് പരിഭ്രാന്തരായാണ് സ്ത്രീകളടക്കമുള്ളവര്‍ പരാജയപ്പെട്ടതെന്ന് ആരോപണമുണ്ട്. പരാജയപ്പെട്ടവരും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും സ്ഥലത്ത് പ്രതിഷേധിച്ചു. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന വൈകീട്ട് നാലിനാണ് പൂര്‍ത്തിയായത്. രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ടെസ്റ്റ് നടത്തുന്നതിനാലാണ് ദിവസം നൂറുപേരെ പ്രവേശിപ്പിക്കാന്‍ കഴിയുന്നതെന്ന് ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എച്ച്, എട്ട് ടെസ്റ്റുകളില്‍ 30 ശതമാനംപേര്‍ തോല്‍ക്കും. ഇവര്‍ക്ക് റോഡ് ടെസ്റ്റ് നടത്തേണ്ടതില്ല. ഈ സമയം മറ്റുള്ളവരുടെ പരിശോധന നടത്താന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. മേയ് ഒന്നുമുതല്‍ പരമാവധി 30 പേര്‍ക്ക് മാത്രം ടെസ്റ്റ് നടത്തിയാല്‍മതിയെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE